1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2016

സ്വന്തം ലേഖകന്‍: സൗദിയില്‍ ഭരണാധികാരിയായ സല്‍മാന്‍ രാജാവ് അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നു, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. നിലവില്‍ സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായ മുഹമ്മദ് ബിന്‍ സല്‍മാന് അധികാരം നല്‍കാന്‍ രാജാവ് ഒരുങ്ങുന്നതായാണ് രാജകുടുംബത്തില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗള്‍ഫ് അഫയേഴ്‌സിലെ ചില ഉന്നതരാണ് ഇക്കാര്യം പുറത്ത് വിട്ടതെന്ന് ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാര നിരയില്‍ പിന്നിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സഹോദരന്‍മാരിലൂടെ അധികാരം കൈമാറുന്ന വ്യവസ്ഥിതി മാറ്റി രാജാവില്‍ നിന്നും അദ്ദേഹത്തിന്റെ ഏറ്റവും കഴിവുറ്റ മകനിലേയ്ക്ക് അധികാരം കൈമാറുന്ന രീതിയിലേയ്ക്ക് മാറണമെന്ന് സല്‍മാന്‍ രാജാവ് ആഗ്രഹിയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

അധികാര കൈമാറ്റത്തിന് പുതിയ രീതി പിന്തുടരാന്‍ തന്റെ ചില സഹോദരന്‍മാരുടെ സഹായവും അദ്ദേഹം തേടുന്നതായാണ് വിവരം. സല്‍മാന്‍ രാജാവാണ് രാജ്യത്തിന്റെ ഭരണാധികാരിയെങ്കിലും ഭരണത്തില്‍ നിര്‍ണായകമാകുന്നത് പ്രതിരോധമന്ത്രിയായ മകന്റെ തീരുമാനങ്ങളാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

അടുത്ത കിരീടാവകാശിയായ മുഹമ്മദ് ബിന്‍ നായിഫിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും സൂചനയുണ്ട്. കിരീടാവകാശികളുടെ നിരയില്‍ ഒന്നാമതാണ് മുഹമ്മദ് ബിന്‍ നായിഫ്. അധികാര കൈമാറ്റം സംബന്ധിച്ച് സൗദി രാജകുടുംബത്തില്‍ അസ്വസ്ഥത പുകയുന്നതായും സൂചനയുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്ന സൗദിയില്‍ അധികാര കൈമാറ്റം ഉണ്ടായാല്‍ അത് പ്രവാസികളെ ഉള്‍പ്പെടെ എങ്ങനെ ബാധിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഒപ്പം സല്‍മാന്‍ രാജാവിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും അത്ര ശുഭകരമായ വാര്‍ത്തകളല്ല പുറത്തു വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.