സ്വന്തം ലേഖകന്‍: പലസ്തീന്‍ രാഷ്ട്രത്തെ സൗദി കൈവിടില്ല; നിലപാട് വ്യക്തമാക്കി സല്‍മാന്‍ രാജാവ്. പലസ്തീന്‍ രാഷ്ട്രത്തെ സൗദി പിന്തുണയ്ക്കുന്നുവെന്നും ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീനായുള്ള അവിടത്തെ ജനങ്ങളുടെ അവകാശസമരങ്ങളില്‍ അവരോടൊപ്പമാണെന്നും സൗദിയിലെ ഭരണാധികാരി സല്‍മാന്‍ രാജാവ് വ്യക്തമാക്കി.
ഇസ്രയേലികള്‍ക്കും സ്വന്തം രാജ്യത്തിന് അവകാശമുണ്ടെന്നു കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തിനിടെ അഭിപ്രായപ്പെട്ടതു മൂലം അറബ് ലോകത്തുണ്ടാക്കിയ സംശയങ്ങള്‍ ദൂരീകരിക്കാനാണു സൗദി രാജാവിന്റെ വിശദീകരണം. സല്‍മാന്‍ രാജാവിന്റെ പിന്തുണയ്ക്കു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നന്ദി പറയുകയും ചെയ്തു.
പലസ്തീന്‍ പ്രശ്‌നത്തില്‍ രമ്യമായ പരിഹാരത്തിന് അടിയന്തര ശ്രമം ഉണ്ടാകണമെന്ന് സല്‍മാന്‍ രാജാവ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 17 പലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംഘര്‍ഷം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല