
സ്വന്തം ലേഖകൻ: സൗദിയിലെ പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സ്വകാര്യ മേഖലയിലെ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ തൊഴിൽ പരിഷ്ക്കരണ പദ്ധതി കഴിഞ്ഞ നവംബർ നാലിനാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. 2021 മാർച്ച് 14 ഞായറാഴ്ച മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
പദ്ധതി പരിചയപ്പെടുത്താനും സംശയങ്ങൾ ദുരീകരിക്കാനും ഇതിനകം വിവിധങ്ങളായ പരിപാടികൾ വിവിധ ചേംബറുകളുമായി സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ദേശീയ പരിവർത്തന പരിപാടിയുടെ ഭാഗമായാണ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പുതിയ തൊഴിൽ പരിക്ഷ്ക്കരണ പദ്ധതി നടപ്പിലാക്കുന്നത്.
വ്യവസ്ഥാപിതവും ആകർഷകവുമായ രീതിയിൽ തൊഴിൽ വിപണി കെട്ടിപ്പടുക്കുക, ആഗോള വിപണിയുമായുള്ള മത്സരശേഷി വർധിപ്പിക്കുക, മാനുഷികമായ കഴിവുകൾ ശാക്തീകരിക്കുക, നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക, ഉൽപാദന ക്ഷമത വർധിപ്പിക്കുക, വിദഗ്ധരായവരെ സൗദി വിപണിയിലേക്ക് ആകർഷിക്കുക, തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാനമായും പരിഷ്കരണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
തൊഴിൽ അന്തരീക്ഷം കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പല പരിപാടികളും നേരത്തെ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങളുടെ പൂർത്തീകരണത്തിെൻറ ഭാഗമാണ് ഞായറാഴ്ച മുതൽ നടപ്പിലാക്കാൻ പോകുന്ന പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ മാനവവിഭവ ശേഷി മന്ത്രാലയം പുതിയ തൊഴിൽ പരിഷ്കരണ പദ്ധതിയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
‘അബ്ശിർ, ഖുവ പ്ലാറ്റ്ഫോമുകളിലുടെ സേവനങ്ങൾ ഡിജിറ്റലാക്കും. തൊഴിലുടമയുടെ അംഗീകാരത്തിന്‍റെ ആവശ്യമില്ലാതെ തൊഴിലാളിക്ക് തൊഴിൽ മാറ്റം അനുവദിക്കും, റീഎൻട്രി, എക്സിറ്റ് വിസകൾ തൊഴിലാളിക്ക് സ്വന്തമായി നേടാൻ സാധിക്കും.വിവരം തൊഴിലുടമയെ ഇ-സംവിധാനം വഴിയായിരിക്കും അറിയിക്കുക.
കരാർ സേവനം അവസാനിച്ച ഉടൻ തൊഴിലാളിക്ക് അന്തിമ എക്സിറ്റ് സേവനവും ലഭ്യമാകും. അതിനു തൊഴിലുടമയുടെ സമ്മതം ആവശ്യമില്ല തുടങ്ങിയവ പുതിയ തൊഴിൽ പരിഷ്കരണത്തിലുൾപ്പെടും. എന്നാൽ പുതിയ പരിഷ്കരണ പദ്ധതിയിൽ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുകയില്ല.
ആഭ്യന്തര വകുപ്പ്, ദേശീയ ഇൻഫർമേഷൻ സെൻറർ എന്നിവയുടെ പങ്കാളിത്തത്തോടും മറ്റ് സർക്കാർ വകുപ്പുകളുടെ പിന്തുണയോടെയും നിരവധി പഠന, ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തൊഴിൽ പരിഷ്കരണ പദ്ധതി മാനവ വിഭവശേഷി മന്ത്രാലയം വികസിപ്പിച്ചത്. സ്വകാര്യ മേഖലയും സൗദി ചേംബർ കൗൺസിലുമായും നിരവധി മീറ്റിങ്ങുകൾ ഇതിനായി നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല