
സ്വന്തം ലേഖകൻ: മാർച്ചിൽ പ്രാബല്യത്തിലാകുന്ന പുതിയ തൊഴിൽ നിയമപ്രകാരം, സ്പോൺസറുടെ അനുമതിയില്ലാതെ ജോലി മാറാമെങ്കിലും അതിനു പ്രത്യേക വ്യവസ്ഥകളുണ്ടെന്നു സൗദി അറേബ്യ അറിയിച്ചു. വീട്ടുഡ്രൈവർ, വീട്ടുജോലിക്കാർ, ഇടയൻ, തോട്ടം ജോലിക്കാരൻ, കെട്ടിട കാവൽക്കാരൻ എന്നിവർക്കു പുതിയ നിയമത്തിലെ ഇളവുകൾ ലഭിക്കില്ലെന്നും വ്യക്തമാക്കി.
സ്പോൺസറുടെ പക്കൽ ഒരു വർഷം പിന്നിട്ട പ്രവാസികൾക്കു ജോലി മാറാം. തൊഴിൽ കരാർ പൂർത്തിയാക്കുന്നതിനു മുൻപാണു മാറ്റമെങ്കിൽ 3 മാസത്തെ നോട്ടിസ് നൽകണം. കരാർ കാലം അവസാനിച്ചവർക്ക് ജോലി മാറാൻ അനുമതി വേണ്ട. എന്നാൽ തൊഴിൽ നിയമം ലംഘിച്ചാൽ അനുമതി നിഷേധിക്കും.
റീ-എൻട്രി (തിരിച്ചെത്താനുള്ള അനുമതി), ഫൈനൽ എക്സിറ്റ് (രാജ്യംവിടാനുള്ള അന്തിമ അനുമതി) എന്നിവയ്ക്കു തൊഴിലാളിക്കു നേരിട്ട് അപേക്ഷിക്കാം. കരാർ കാലാവധിക്കു മുൻപ് ഫൈനൽ എക്സിറ്റ് വേണമെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടിവരും.
പുതിയ നിയമപ്രകാരം ജോലി മാറാനുള്ള കാരണങ്ങൾ താഴെ:
ജോലിതുടർച്ചയായി 3 മാസത്തിലധികം ശമ്പളമില്ലെങ്കിൽ, സ്പോൺസർ ജയിലിലാവുകയോ മരിക്കുകയോ ചെയ്താൽ, വർക്ക് പെർമിറ്റ് പുതുക്കാൻ സ്പോൺസർ വിസമ്മതിച്ചാൽ, തൊഴിലാളി മനുഷ്യക്കടത്തിന് ഇരയാണെന്ന് ബോധ്യപ്പെട്ടാൽ, വ്യാജ സാമ്പത്തിക ആരോപണം ഉന്നയിച്ചാൽ, തൊഴിലുടമയുമായി തൊഴിൽ തർക്കമുണ്ടായാൽ, തുടർച്ചയായി 2 തവണ കമ്പനി പ്രതിനിധി കോടതിയിൽ ഹാജരാകാതിരുന്നാൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല