1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2022

സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള തൊഴില്‍ പരിഷ്‌ക്കരണങ്ങള്‍ ശക്താക്കി നടപ്പാക്കാന്‍ അധികൃതര്‍. കൃത്യമായ തൊഴില്‍ കരാറുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തൊളിലാളികളെ നിയമിക്കാവൂ എന്ന നിയമം നടപ്പിലാക്കിയതിനു പിന്നാലെ അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതിനും കൃത്യമായി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ തൊഴില്‍ അച്ചടക്ക നിയമത്തിന്റെ ഭാഗമായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പ്രകാരം ഒരു തൊഴിലാളിക്കെതിരേ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടല്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പായി കൃത്യമായ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. തൊഴിലാളിക്കെതിരായ പരാതി പരിഗണിച്ച് നടപടിയെടുക്കാന്‍ ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കണമെന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്.

ചെയര്‍മാന്‍ ഉള്‍പ്പെടെ നാലംഗ കമ്മിറ്റിയാണ് ഇതിനായി രൂപീകരിക്കേണ്ടത്. അതിലൊരാള്‍ മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധി ആയിരിക്കണം. ജീവനക്കാരനെതിരായ ആരോപണങ്ങളും അച്ചടക്ക നടപടികളും ചര്‍ച്ച ചെയ്യുകയാണ് ഈ കമ്മിറ്റിയുടെ ചുമതല.

കമ്മിറ്റിക്ക് നേരിട്ടോ ഓണ്‍ലൈനായോ യോഗം ചേര്‍ന്ന് ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. യോഗം ചേരുന്നതിന് മുമ്പായി തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് കൃത്യമായ അറിയിപ്പ് തൊഴിലാളിക്ക് ലഭ്യമാക്കിയിരിക്കണം. ഇതേക്കുറിച്ച് തൊഴിലാളിക്ക് പറയാനുള്ള കാര്യങ്ങള്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയും വേണം. ജീവനക്കാരനെതിരേ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്യപ്പെട്ട് മൂന്നു മാസത്തിനകം കമ്മിറ്റി യോഗം ചേരുകയും കമ്മിറ്റിയുടെ നിര്‍ദ്ദേശം മന്ത്രാലയം മുമ്പാകെ സമര്‍പ്പിക്കുകയും വേണം.

അതിനു ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. തൊഴിലാളിയെ പിരിച്ചുവിടണമെങ്കില്‍ നാലംഗ കമ്മിറ്റിയിലെ മുഴുവന്‍ ആളുകളും ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം കൈക്കൊണ്ടിരിക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. കമ്മിറ്റിയിലെ ആരെങ്കിലും ഒരാള്‍ ജീവനക്കാരനെതിരായ പിരിച്ചുവിടല്‍ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയാല്‍ ആ ജീവനക്കാരനെ പിരിച്ചുവിടാനാവില്ലെന്നും പുതിയ ഉത്തരില്‍ പറയുന്നു.

കമ്മിറ്റിയുടെ നടപടിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ ജീവനക്കാരന് അവകാശമുണ്ടായിരിക്കും എന്നതാണ് ഉത്തരവിലെ മറ്റൊരു വ്യവസ്ഥ. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് 2021 സപ്തംബറില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇവയ്ക്ക് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രി അഹ്‌മദ് അല്‍ റാജിഹി അംഗീകാരം നല്‍കിക്കഴിഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഒരു ജീവനക്കാരനെതിരേ ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുമ്പ് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളെ കുറിച്ച് വ്യക്തമാക്കുന്നതാണ് മന്ത്രിസഭ അംഗീകരിച്ച തൊഴില്‍ അച്ചടക്ക നിയമം.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവച്ചുകൊണ്ട് പുതിയ തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ കഴിഞ്ഞവര്‍ഷം നടപ്പിലാക്കിയിരുന്നു. പ്രവാസികള്‍ക്ക് സ്പോണ്‍സറുടെ അനുവാദമില്ലാതെ നിബന്ധനകള്‍ക്കു വിധേയമായി നിലവിലെ ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്കുള്ള മാറ്റം സാധ്യമാവുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌ക്കാരങ്ങളാണ് ഇതോടെ നിലവില്‍ വന്നത്.

നാഷണല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ നടപ്പിലാക്കുന്ന തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്. രാജ്യത്ത് 70 വര്‍ഷത്തിലേറെയായി നിലനിന്നരുന്ന സ്പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായം ഇല്ലാതാക്കിയതും വലിയ മാറ്റമായിരുന്നു.

രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊലാളികളും സ്ഥാപനവും തമ്മിലുള്ള കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് കഴിഞ്ഞ മാസം തൊഴില്‍ വകുപ്പ് ഉത്തരവിട്ടിരുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.