സ്വന്തം ലേഖകൻ: സൌദിയില്‍ തൊഴിലാളികളുടെ താമസ കെട്ടിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സന്ദര്‍ശകരെ പരമാവധി തടയുകയാണ് ലക്ഷ്യമിടുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ദേശീയ രോഗ പ്രതിരോധ നിയന്ത്രണ സെന്റെര്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നത്.
രോഗ വ്യാപനം തടയുവാനുള്ള നിരീക്ഷണം, ആരോഗ്യ അവബോധം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുതിയ തീരുമാനങ്ങള്‍.
സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് നിരോധിക്കും. താമസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പരിശോധനാകേന്ദ്രം ഏര്‍പ്പെടുത്തണം.
താമസ കേന്ദ്രങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ദിവസത്തില്‍ ഒരുതവണയെങ്കിലും തൊഴിലാളികളുടെ താപനില രേഖപ്പെടുത്തണം. തൊഴിലാളികളുടെ ചലനങ്ങള്‍, പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരീക്ഷിക്കുന്നതിന് ക്യാമറകള്‍ സ്ഥാപിക്കണം. കൂടാതെ മതിയായ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല