1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2022
Focused African American cashier scanning goods at checkout. Concentrated young man in eyeglasses at workplace. Shopping concept

സ്വന്തം ലേഖകൻ: സൗദിയില്‍ പൊതു അവധി ദിനങ്ങളില്‍ അവധി അനുവദിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. അവധി നല്‍കാന്‍ സാധിക്കാത്ത മേഖലകളിലെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുകയാണെങ്കില്‍ അവധിക്ക് പകരമായി ഓവര്‍ ടൈം വേതനം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. സൗദി സ്ഥാപക ദിനത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച പൊതു അവധിയുമായി ബന്ധപ്പെട്ടാണ് വിശദീകരണം.

സൗദി തൊഴില്‍ നിയമ പ്രകാരം പൊതു അവധി ദിനത്തില്‍ സ്വകാര്യ മേഖലയിലെയും സര്‍ക്കാര്‍ മേഖലയിലെയും തൊഴിലാളികള്‍ക്ക് അവധി നല്‍കല്‍ നിര്‍ബന്ധമാണ്. ഔദ്യോഗിക അവധി ദിനത്തില്‍ ഒരു തൊഴിലാളിക്ക് അവധി നല്‍കാതിരുന്നാല്‍ ഓരോ തൊഴിലാളിക്കും 5000 റിയാല്‍ എന്ന തോതില്‍ തൊഴിലുടമക്ക് പിഴ ചുമത്തപ്പെടും.

അതേ സമയം അവധി നല്‍കാന്‍ സാധിക്കാത്ത മേഖലകളിലെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുകയാണെങ്കില്‍ അവധിക്ക് പകരമായി അവര്‍ക്ക് ഓവര്‍ ടൈം വേതനം നല്‍കല്‍ നിര്‍ബന്ധമാണ്. നിശ്ചിത സമയം കഴിഞ്ഞ് ജോലി ചെയ്യുന്ന തൊഴിലാളിക്കും ഓവര്‍ ടൈം വേതനം നല്‍കണം. സൗദി തൊഴില്‍ നിയമ പ്രകാരം ഓവര്‍ ടൈം മണി നല്‍കുന്നതിനു വ്യക്തമായ മാര്‍ഗ രേഖയുണ്ട്. മണിക്കൂറിനനുസരിച്ചാണു ഓവര്‍ ടൈം വേതനം കണക്കാക്കുന്നത്. ഒരു തൊഴിലാളിയുടെ ഫുള്‍ സാലറിയെ 30 ദിവസം കൊണ്ട് ഹരിക്കുംബോള്‍ ലഭിക്കുന്ന തുകയെ ഒരു ദിവസത്തെ തൊഴില്‍ സമയമായ 8 മണിക്കൂര്‍ കൊണ്ട് ഹരിച്ചതാണു അയാളുടെ ഒരു മണിക്കൂര്‍ വേതനം.

ഈ ഒരു മണിക്കൂര്‍ വേതനവും അയാളുടെ അടിസ്ഥാന വേതനത്തെ ഒരു മണിക്കൂര്‍ അടിസ്ഥാനത്തില്‍ കണക്കാക്കുംബോള്‍ ലഭിക്കുന്ന തുകയുടെ പകുതിയും ചേര്‍ത്താണ് ഒരു തൊഴിലാളിക്ക് ഓരോ മണിക്കൂറിനും ഓവര്‍ ടൈം നല്‍കേണ്ടത്. രണ്ട് പെരുന്നാള്‍ അവധികള്‍, സൗദി ദേശീയ ദിനം, സൗദി സ്ഥാപക ദിനം എന്നീ പൊതു അവധി ദിനങ്ങളിലും തൊഴില്‍ കരാര്‍ പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടതല്ലാതെയുള്ള സമയങ്ങളിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന തൊഴിലാളികള്‍ക്ക് ഓവര്‍ടൈം മണിക്ക് അര്‍ഹതയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.