1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2022

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇന്നലെ ശനിയാഴ്ച മുതല്‍ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി മുതല്‍ സാമൂഹ്യ അകലം പാലിക്കല്‍, പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കല്‍, യാത്രക്കാര്‍ക്കുള്ള പിസിആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍, സ്ഥാപനങ്ങളിലെ പ്രവേശന നിയന്ത്രണങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും.

കോവിഡിനെതിരായ വാക്സിനേഷന്‍ എടുത്തിരിക്കണം എന്ന നിബന്ധന മാത്രമാണ് സൗദിയിലേക്കുള്ള യാത്രക്കാര്‍ പാലിക്കേണ്ടത്. കോവിഡ് വ്യാപനം വലിയ തോതില്‍ കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യം കോവിഡ് പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. അതേസമയം, രാജ്യത്ത് കോവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നാ ആപ്പിന്റെ ഉപയോഗം തുടരും.

രാജ്യത്തേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ സ്ഥാപന ക്വാറന്റൈനോ ഹോം ക്വാറന്റൈനോ ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. എന്നാല്‍, സന്ദര്‍ശക വിസകളില്‍ വരുന്നവരെല്ലാം നേരത്തെയുള്ള ഇന്‍ഷുറന്‍സിനു പുറമെ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിരിക്കണം. 90 റിയാല്‍ മുതലാണ് കോവിഡ് ഇന്‍ഷുറന്‍സ് തുക. കോവിഡ് ബാധിച്ചാലുള്ള ചികിത്സ ഉള്‍പ്പെടെ കവര്‍ ചെയ്യുന്ന രീതിയിലുള്ള ഇന്‍ഷുറന്‍സായിരിക്കണം ഇത്.

പൊതു ഇടങ്ങളിലും അടച്ചിട്ട പ്രദേശങ്ങളിലും ഇനി മുതല്‍ സാമൂഹിത അകലം പാലിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മസ്ജിദുല്‍ഹറാം, മസ്ജിദുന്നബവി, മറ്റു പള്ളികള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഈ ഇളവ് ബാധകമാണ്. കച്ചവട സ്ഥാപനങ്ങള്‍, വിവാഹ ഹാളുകള്‍, സിനിമാ തിയറ്ററുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഇനി സാമൂഹിക അകലത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമില്ല.

ശേഷിക്കനുസരിച്ച് എത്ര ആളുകളെയും ഇവിടങ്ങളില്‍ പ്രവേശിപ്പിക്കാം. തുറസ്സായ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, അടച്ച സ്ഥലങ്ങളില്‍ ധരിക്കണം. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് അകത്തും മറ്റ് അടച്ചിട്ട ഇടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന നിബന്ധന തുടരും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന വിലക്കും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ് വെ, ലെസോത്തോ, എസ്വാറ്റിനി, മൊസാംബിക്, മലാവി, മൗറീഷ്യസ്, സാംബിയ, മഡഗാസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, കോംറോസ്, നൈജീരിയ, എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു അവസാനമായി യാത്രാ വിലക്ക് നിലനിന്നിരുന്നത്. ഇതോടെ കോവിഡിന്റെ പേരില്‍ ഇനി ഒരു രാജ്യത്തു നിന്നുള്ള വിമാനത്തിനും വിലക്കില്ല.

ലോക മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒഴിവാക്കിയിട്ടുണ്ട്. മക്ക മദീന ഹറമുകളില്‍ നമസ്‌കാരത്തിന് ഇനി മുതല്‍ പെര്‍മിറ്റ് വേണ്ട. പ്രവേശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. എന്നാല്‍, ഉംറ തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കുള്ള പെര്‍മിറ്റ് രീതി തുടരും.

അഞ്ച് വയസ്സിന് മുകളിലുളളവര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസുണ്ടെങ്കില്‍ ഉംറ ചെയ്യാം. ഹറമില്‍ നമസ്‌കാരത്തില്‍ പാലിക്കുന്ന ശാരീരിക അകലവും ഒഴിവാക്കി. ഇന്ന് മുതലുള്ള എല്ലാ നമസ്‌കാരങ്ങളിലും പരസ്പരം ചേര്‍ന്ന് നില്‍ക്കാം. മക്കയിലെയും മദീനയിലെയും ഹറമുകളിലെന്ന പോലെ മദീനയില്‍ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗദാ ശരീഫിലെ പ്രവേശനത്തിനും ഇനി മുതല്‍ പെര്‍മിറ്റ് വേണ്ട.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.