
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ വൈകാതെ നാട്ടിലെത്തിക്കും. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ടോയോട്ട വാഹന ഡീലറായിരുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ, അൽ ജമീൽ എന്ന കമ്പനിയിലെ ഫീൽഡ് ഓഫീസറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശബ്ന, മക്കളായ ലൈബ, സഹ, ലൂഥ്ഫി എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ ജീവനാണ് ഒരുമിച്ച് റോഡിൽ പൊലിഞ്ഞത്.
ജുബൈൽ നിന്ന് ഏകദേശം 1600 കിലോമീറ്റർ അകലെയുള്ള ജിസാനിലേക്ക് കഴിഞ്ഞയാഴ്ചയാണ് ജാബിറിന് ജോലിമാറ്റം ലഭിച്ചത്. കമ്പനിയിൽ ജോലിയേറ്റടുത്ത് യോജിച്ച താമസ സ്ഥലവും കണ്ടെത്തിയതിന് ശേഷം ഇന്നലെ കുടുംബത്തെ കൂട്ടി സ്വന്തം വാഹനത്തിൽ ജിസാനിലേക്ക് പുറപ്പെട്ടതായിരുന്നു. മറ്റൊരു വാഹനത്തിൽ വീട്ടുസാധനങ്ങൾ പറഞ്ഞു വിടുകയും ചെയ്തു.
ജുബൈലിൽ നിന്ന് ഏകദേശം 800 ഓളം കിലോമീറ്റർ സഞ്ചരിച്ച് അൽ റൈനിൽ എത്തിയപ്പോഴാണ് ദാരുണമായ അപകടം നടന്നതെന്നാണ് സൂചന. കിഴക്കൻ പ്രവിശ്യയിൽ ഉള്ളവർക്ക് ഉംറ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് 1200 ലധികം കിലോമീറ്റർ സ്വയം വാഹനം ഓടിച്ച് സഞ്ചരിക്കുന്ന ദീർഘ യാത്രകൾ പരിചിതമാണെങ്കിലും മാറിയോടിക്കാൻ ഡ്രൈവർമാരില്ലാത്ത അവസ്ഥയിൽ ഇത്തരം യാത്രകളിൽ അപകട സാധ്യതകൾ ഏറെയാണ്.
റിയാദ് കെഎംസിസിയുടെ നേതൃത്വത്തിലാണ് നാട്ടിൽ കൊണ്ടു പോവുന്നതിനുള്ള നടപടി പൂർത്തിയാക്കുന്നത്. സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ശൗകത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവരാണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല