1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2021

സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ വീണ്ടും തീരുമാനം. ഇതോടെ ജൂലൈ 15 മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും. ഈ മാസം 15 മുതൽ വിസ അനുവദിച്ചു തുടങ്ങുമെന്ന് മാലിദ്വീപ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ അറൈവൽ വിസ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും.

ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് മടങ്ങാനുള്ള ഇടത്താവളമായിരുന്നു മാലിദ്വീപ്. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള മാലിദ്വീപിന്റെ തീരുമാനത്തെ സൗദി പ്രവാസികൾ പ്രതീക്ഷയോടെയാണ് കാണുന്നത്. കടുത്ത നിബന്ധനകളോടു കൂടിയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയിൽനിന്നെത്തുന്ന ടൂറിസ്റ്റുകൾക്ക് ദ്വീപിലെ ജനവാസകേന്ദ്രങ്ങളിൽ താമസിക്കുന്നതിന് അനുമതി നൽകില്ല.

പകരം കൂടുതൽ ആൾപാർപ്പില്ലാത്ത മറ്റു ദ്വീപുകളിലെ റിസോർട്ടുകളിലായിരിക്കും താമസം ഒരുക്കുക. ഒപ്പം ദ്വീപിൽ പ്രവേശിക്കുന്നതിനുമുമ്പ് എടുത്ത പിസിആർ ടെസ്റ്റിന് പുറമേ ദ്വീപിലെത്തിയ ശേഷം 48 മുതൽ 72 മണിക്കൂറിനിടയിൽ വീണ്ടും പിസിആർ ടെസ്റ്റും എടുക്കണം.

നിബന്ധനകൾ പാലിച്ചുള്ള യാത്ര മുമ്പത്തേതിനെക്കാൾ ചിലവ് വർധിക്കാൻ ഇടയാക്കുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഒപ്പം ചൂഷണത്തിനും തട്ടിപ്പിനുമുള്ള സാധ്യതയുമുണ്ട്. അതിനാൽ ടിക്കറ്റ് ബുക്കിങ് ശ്രദ്ധിക്കുകയും ട്രാവൽസുകളുടെ നിയമാവലി കൃത്യമായി മനസ്സിലാക്കുകയും ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

അതിനിടെ മൊഡേണ കോവിഡ് വാക്സീന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി. ഇതോടെ സൗദി അറേബ്യ അംഗീകരിച്ച വാക്സീനുകളുടെ എണ്ണം നാലായി. നേരത്തെ ഫൈസർ, അസ്ട്രാസെനക (കോവിഷീൽഡ്), ജോൺസൺ ആൻഡ് ജോൺസൺ വാക്സീനുകൾ അംഗീകരിച്ചിരുന്നു.

മൊഡേണ വാക്സീനും ഇറക്കുമതി ചെയ്ത് സൗദിയിൽ ലഭ്യമാക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിലവിൽ അസ്ട്രാസെനക, ഫൈസർ എന്നീ വാക്സീനുകളാണ് നൽകിവരുന്നത്. ഇവയിൽ ഏതെങ്കിലും ഒരു ഡോസ് എടുത്തവർക്ക് രണ്ടാം ഡോസായി മറ്റു വാക്സീനും എടുക്കാമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കിയിരുന്നു. സൗദിയിൽ ഇതുവരെ 1.92 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.