1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ്, അഡ്മിന്‍ ജോലികളില്‍ 30 ശതമാനത്തില്‍ സൗദികളെ നിയമിക്കണമെന്നതാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ചു. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമാവുകയെന്ന് മനുഷ്യവിഭാവ സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‌മദ് അല്‍ റാജിഹി അറിയിച്ചു.

രാജ്യത്തെ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിതാഖാത്ത് പദ്ധതിയുടെ ഭാഗമായാണ് നടപടി. മാര്‍ക്കറ്റിംഗ്, അഡ്മിന്‍ ജോലികളിലെ സ്വദേശിവല്‍ക്കരണ തീരുമാനം ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു മുമ്പായി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥാപനങ്ങള്‍ നിലവിലുള്ള പ്രവാസികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 5500 റിയാല്‍ ശമ്പളം നല്‍കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇങ്ങനെ സൗദികളെ ജോലിക്ക് വയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭരണകൂടം ഇന്‍സെന്റീവും നല്‍കും.

അതേസമയം, ഉത്തരവ് നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുതിയ ഉത്തരവ് പ്രകാരം കൂടുതല്‍ ഓഫീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാകും. മാനേജര്‍, മാര്‍ക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അഡ്വര്‍ട്ടൈസിംഗ് ആന്റ് പബ്ലിക് റിലേഷന്‍സ് മാനേജര്‍, മാര്‍കറ്റിംഗ് സെയില്‍സ് എക്സ്പേര്‍ട്ട്, അഡൈ്വര്‍ട്ടൈസിംഗ് ഡിസൈനര്‍, കമേഴ്ഷ്യല്‍ അഡ്വര്‍ട്ടൈസിംഗ് ഫോട്ടോഗ്രാഫര്‍ എന്നീ തസ്തികകളിലാണ് ഇതുപ്രകാരം 30 ശതമാനം സ്വദേശിവത്കരണം നടപ്പില്‍ വരിക.

കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സൗദിയിലെ യുവതീ യുവാക്കളെ പ്രവേശിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ രേഖ അധികൃതര്‍ തയ്യാറാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ സ്വദേശിവല്‍ക്കരണ തീരുമാനത്തിലൂടെ 12,000 സൗദികള്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

അതായത് നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്തു വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഏപ്രില്‍ ഒന്നിനു മുമ്പായി ജോലി ഉപേക്ഷിക്കേണ്ടിവരും. നേരത്തേ തന്നെ കോവിഡ് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാവും. നേരത്തേ ഏതാനും ഓഫീസ് ജോലികളും സ്വദേശികള്‍ക്ക് മാത്രമാക്കി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സെക്രട്ടറി, ട്രാന്‍സ്‌ലേറ്റര്‍, ഇന്‍വെന്ററി കസ്റ്റോഡിയന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ മേഖലകളിലാണ് ഉത്തരവ് ബാധകം. ഇവര്‍ക്ക് മിനിമം ശമ്പളം 5000 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കപ്പെടുന്നതോടെ 20,000 പ്രവാസികള്‍ക്കു കൂടി ജോലി നഷ്ടമാവും. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളിലും ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കാനും മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടിരുന്നു.

ഇതുവഴി സൗദിവല്‍ക്കരണം നടപ്പിലാക്കുന്ന തസ്തികകളില്‍ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുക. സ്വര്‍ണ വിപണ മേഖല ലോകത്തെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ സൗദിയില്‍ നിലവില്‍ പ്രവാസികള്‍ മാത്രമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മിഡിലീസ്റ്റില്‍ സ്വര്‍ണ വ്യാപാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന സൗദിയില്‍ 14 ബില്യണ്‍ നിക്ഷേപം ഈ മേഖലയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.