1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികളുമായി സൗദി ഭരണകൂടം മുന്നോട്ട്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് മാസത്തിനകം മാര്‍ക്കറ്റിംഗ് ജോലികളില്‍ 5000 സൗദി പൗരന്‍മാരെ സ്വകാര്യ മേഖലയിലെ ജോലികളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വക്താവ് സാദ് അല്‍ ഹമ്മാദ് അറിയിച്ചു. ഇതോടെ ഈ മേഖലയിലെ കൂടുതല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിംഗ് മേഖലയില്‍ ചുരുങ്ങിയത് 12,000 സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് രണ്ടു മാസത്തിനകം 5000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നത്. മികച്ച തൊഴില്‍ വൈദഗ്ധ്യം ആവശ്യമായ ഈ മേഖലയില്‍ കൂടുതല്‍ സൗദികള്‍ കടുന്നുവരേണ്ടതുണ്ടെന്നും സൗദി ടെലിവിഷനിലെ സൗദി സ്ട്രീറ്റ് എന്ന പരിപാടിയില്‍ സംസാരിക്കവെ മന്ത്രാലയം വക്താവ് പറഞ്ഞു.

രാജ്യത്തിന്റെ മല്‍സരാധിഷ്ഠിത കമ്പോളത്തിന് അനുയോജ്യമായ രീതിയില്‍ സ്വദേശികളെ വാര്‍ത്തെടുക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണെന്നും മാര്‍ക്കറ്റിംഗ് ജോലികളിലേക്ക് കൂടുതല്‍ സൗദികളെ പരിശീലിപ്പിച്ചെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, രാജ്യത്ത് നിതാഖാത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വദേശിവല്‍ക്കരിച്ച തൊഴില്‍ മേഖലകളില്‍ വിദേശികളെ ജോലിക്ക് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി മന്ത്രാലയം സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത ശതമാനം പേര്‍ സൗദികള്‍ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നു കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ കര്‍ശനമാക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഘട്ടം ഘട്ടമായി രാജ്യത്തെ മാര്‍ക്കറ്റിംഗ് ജോലികള്‍ സൗദികള്‍ക്ക് മാത്രമായി നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനമെന്നും വക്താവ് അറിയിച്ചു. ആവശ്യമായ സൗദി ജീവനക്കാരുടെ അഭാവമാണ് ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കാതിരിക്കാന്‍ കാരണം. പുതിയ ഉദ്യോഗാര്‍ഥികള്‍ വരുന്ന മുറയ്ക്ക് ഈ മേഖലയിലെ മികച്ച ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കും. ഇതിനായി രാജ്യത്തെ ഉദ്യോഗാര്‍ഥികളുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തേ രാജ്യത്തെ മാളുകളിലെ ജോലികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ നിരവധി മേഖലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയ ലെവിയും സ്വദേശിവല്‍ക്കരണവും കാരണം 10 ലക്ഷത്തിലേറെ വിദേശികള്‍ നാട്ടിലേക്ക് മടങ്ങിയതായാണ് കണക്കുകള്‍. ഇത് രാജ്യത്തുള്ള ആകെ വിദേശ തൊഴിലാളികളുടെ 10 ശതമാനം വരും. 2018ല്‍ വിദേശികള്‍ക്ക് ലെവി സമ്പ്രദായം ഏര്‍പ്പെടുത്തിയത് മുതലാണ് പ്രവാസികളുടെ തിരിച്ചുപോക്ക് ആരംഭിച്ചത്.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കൂടി ആയതോടെ കമ്പനികള്‍ അടച്ചുപൂട്ടിയതിനാലും തൊഴിലാളികളുടെ എണ്ണം കുറച്ചതിനാലും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴിലില്ലാതായി. ഇവരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് തിരിച്ചു. അതേസമയം, കോവിഡ് പ്രതിന്ധി മറികടക്കാന്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള തീരുമാനവും പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഇക്കാലയളവില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2017 അവസാനത്തില്‍ 3.16 ദശലക്ഷം ആയിരുന്ന സ്വദേശികളുടെ എണ്ണം ഇപ്പോള്‍ 3.34 ദശലക്ഷമായി വര്‍ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.