1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2022

സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സൗദി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇന്‍ഡോറിലും ഔട്ട്‌ഡോറിലും മാസ്ക് ധാരണവും സാമൂഹിക അകലവും ആഭ്യന്തര മന്ത്രാലയം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് കര്‍ശനമായി നടപ്പിലാക്കാന്‍ പരിശോധനകള്‍ വ്യാപകമാക്കിയിരിക്കുകയാണ് അധികൃതര്‍. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ താരുമാനം.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 റിയാലാണ് പിഴ ഈടാക്കുക. എന്നാല്‍ നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാവും. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് വീണ്ടും തുടര്‍ന്നാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഒടുക്കേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോവുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമിക്രോണ്‍ വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴു മണി മുതല്‍ സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം എല്ലാ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിപാടികള്‍ക്കും മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാണ്. വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഉള്‍പ്പെടെ ആളുകള്‍ ഒരുമിച്ചു കൂടുന്ന പ്രദേശങ്ങളില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി.

സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് സ്ഥാപന ഉടമകളണ്. കടകളില്‍ കയറുമ്പോള്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇമ്മ്യൂണിറ്റി സ്റ്റാറ്റസ് ഉറപ്പുവരുത്തി മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ 10,000 റിയാലാണ് പിഴ ചമുത്തുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിനിമാ തിയറ്ററുകളില്‍ ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പാടുള്ളൂ. ആരാധനാലയങ്ങളിലും മാസ്‌കും ശാരീരിക അകലവും ഉറപ്പ് വരുത്തണം. പ്രാര്‍ഥനയ്ക്കായി വരി നില്‍ക്കുമ്പോഴും കൃത്യമായ അകലം പാലിക്കണം.

അതിനിടെ, രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ 4100ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനു ശേഷമുള്ള ആദ്യ 24 മണിക്കൂറില്‍ മാത്രം 4159 നിയമ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവയിലേറെയും മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതുമായി ബന്ധപ്പെട്ട കേസുകളായിരുന്നു. 1404 നിയമ ലംഘനങ്ങളുമായി റിയാദ് റീജിയനാണ് ഏറ്റവും മുന്നില്‍. മദീനയില്‍ 530, മക്കയില്‍ 490, കിഴക്കന്‍ പ്രവിശ്യയില്‍ 473, അല്‍ ഖാസിമില്‍ 238 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതിനിടെ, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓരോ ദിവസവും അമ്പതോളം കേസുകളാണ് വര്‍ധിക്കുന്നത്. ഇന്നലെ വെള്ളിയാഴ്ച മാസങ്ങള്‍ക്കു ശേഷം കേസുകളുടെ എണ്ണം 800 കടന്നു. 819 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതിനകം കോവിഡ് ബാധിച്ചവരുടെ എണ്ണം 556,236 ആയി ഉയര്‍ന്നു. മരണ സംഖ്യ 8,877 ആയി. കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന 54 പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.