1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2020

സ്വന്തം ലേഖകൻ: പ്രമുഖരായ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി വീണ്ടും സൗദിയില്‍ കൂട്ട അറസ്റ്റ്. സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നടന്ന കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് സൗദിയില്‍ അരങ്ങേറിയിരിക്കുന്നത്.

അന്ന് ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള നൂറിലധികം രാജകുമാരന്‍മാരെയും വ്യവസായികളെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് ചില രാജകുമാരന്‍മാരെ സൗദി പിടികൂടിയിരുന്നു. തൊട്ടുപിന്നാലെയാണ് 300 ഉദ്യോഗസ്ഥരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സൗദി രാജ കുടുംബത്തിലെ മൂന്ന് പ്രമുഖരെ അറസ്റ്റ് ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ആദ്യം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് ന്യൂയോര്‍ക്ക് ടൈംസ്, റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത നല്‍കി.

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അനന്തരവന്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ എന്നിവരാണ് അറസ്റ്റിലായരില്‍ പ്രമുഖര്‍. രാജ്യദ്രോഹ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം 300 പ്രമുഖരായ ഉദ്യോഗസ്ഥരെയാണ് സൗദി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട്. അഴിമതി, കൈക്കൂലി കേസിലാണ് അറസ്റ്റ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അഴിമതി വിരുദ്ധ കമ്മീഷനായ നസഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടക്കുന്നത്. 2017ലെ കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 298 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് നസഹ ട്വീറ്റ് ചെയ്തു. 40 കോടിയോളം റിയാലിന്റെ അഴിമതിയാണ് ഇവര്‍ നടത്തിയതെന്നും കമ്മീഷന്‍ അറിയിച്ചു.

അറസ്റ്റിലായവരില്‍ എട്ട് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 2005-2015 കാലയളവില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. മാത്രമല്ല, കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ആഭ്യന്തര മന്ത്രാലയത്തിലെ 29 ഉദ്യോഗസ്ഥരും അറസറ്റിലായവരില്‍ ഉള്‍പ്പെടും. മൂന്ന് കേണല്‍ പദവിയുള്ള ഉദ്യോഗസ്ഥരും ഇതിലുണ്ട്. കൂടാതെ ഒരു മേജര്‍, ഒരു ബ്രിഗേഡിയര്‍ ജനറല്‍ എന്നിവരും ഇതിലുണ്ട്. നിയമവകുപ്പുമായി ബന്ധപ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്. എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഏതാനും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അറസ്റ്റ് ചെയ്തത്.

കൈക്കൂലി സ്വീകരിച്ചതിന് രണ്ട് ജഡ്ജിമാര്‍ പിടിയിലായിട്ടുണ്ട്. റിയാദിലെ അല്‍ മആരിഫ സര്‍വകലാശാലയിലെ ഒമ്പത് ഉദ്യോഗസ്ഥരും അറസറ്റിലായി. സര്‍വകലാശാലയിലെ കെട്ടിടം ഭാഗികമയി തകരുകയും ചിലര്‍ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിലാണ് ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതെന്ന് നസഹ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.