1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2021

സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൗദി മന്ത്രി. ലോക രാഷ്ട്രങ്ങള്‍ വാക്‌സിന് വേണ്ടി അടിപിടി കൂടുമ്പോള്‍ വാക്‌സിന്‍ ലഭ്യമായിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാവാതെ പുറം തിരിഞ്ഞു നില്‍ക്കുന്നവര്‍ ഒന്നുകില്‍ അഹങ്കാരികളോ അല്ലെങ്കില്‍ കുപ്രചാരണങ്ങളുടെ ഇരകളോ ആണെന്ന് രോഗപ്രതിരോധത്തിനായുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അസീരി കുറ്റപ്പെടുത്തി.

വാക്‌സിന്‍ കോവിഡിനെതിരായ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും മരണവും വലിയൊരു അളവോളം കുറയ്ക്കുമെന്നും പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നിട്ടും വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നത് അഹങ്കാരമാണ്. വാക്‌സിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കുപ്രചാരണങ്ങളെയും സൗദി മന്ത്രി തള്ളി.

വാക്‌സിന്‍ പാവങ്ങളെ നശിപ്പിക്കാനാണെന്നാണ് വാക്‌സിനെതിരായ പ്രചാരണങ്ങളിലൊന്ന്. വാക്‌സിന്‍ വിരുദ്ധര്‍ പറയുന്നത് ശരിയാണെങ്കില്‍ ലോകത്തെ സമ്പന്ന രാഷ്ട്രങ്ങള്‍ എന്തിനാണ് വാക്‌സിന്‍ കുത്തകയാക്കി വയ്ക്കുകയും ആഫ്രിക്കന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് അവ നല്‍കാതെ അവരെ കോവിഡിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വാക്‌സിന്‍ പാവങ്ങള്‍ക്ക് എതിരാണെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് കൂടുതല്‍ കൊടുക്കുകയും സമ്പന്ന രാജ്യങ്ങള്‍ ഉപയോഗിക്കാതിരിക്കുകയുമല്ലേ വേണ്ടത്? വാക്‌സിന്‍ മോശമാണെങ്കില്‍ പണ്ഡിതരും സമ്പന്ന രാജ്യങ്ങളും രാഷ്ട്രീയ നേതാക്കളും ജനനായകരുമെല്ലാം വാക്‌സിനു വേണ്ടി മുറവിളിക്കൂട്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

വാക്‌സിനേഷന്‍ തോത് വര്‍ധിക്കുന്നതിന് അനുസൃതമായി കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നുവെന്ന യാഥാര്‍ഥ്യം അംഗീകരിക്കാതിരിക്കാനാവില്ല. അതിനാല്‍ രണ്ടാം ഡോസ് എടുക്കാന്‍ ബാക്കിയുള്ള മുഴുവന്‍ പേരും എത്രയും പെട്ടെന്ന് അത് എടുക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ രണ്ടാം ഡോസ് വാക്‌സിനിലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അര്‍ഹരായ മുഴുവന്‍ ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി ആഹ്വാനം ചെയ്തു. രാജ്യത്ത് 65.42 ശതമാനത്തിലേറെ ആളുകള്‍ ഇതിനകം ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ചവരുടെ ശതമാനം 50.58 ആണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ അഞ്ചോടെ സമൂഹത്തിലെ 70 ശതമാനത്തിലേറെ പേര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ 60 കഴിഞ്ഞ 1,639,937 പേര്‍ ഉള്‍പ്പെടെ 40,967,054 ആളുകള്‍ വാക്‌സിന്‍ എടുത്തതായും അദ്ദേഹം അറിയിച്ചു. 3.5 കോടി ജനങ്ങളുള്ള സൗദിയില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1.75 കോടി ജനങ്ങളാണ് ഇതിനകം രണ്ട് ഡോസ് വാക്സിന്‍ എടുത്തത്. 2.3 കോടിയിലേറെ ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.