
സ്വന്തം ലേഖകൻ: സ്‌കൂളുകളില്‍ മൊബൈല്‍ ദുരുപയോഗത്തിനെതിരേ ശക്തമായ നടപടികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഏതെങ്കിലും വനിതാ, പുരുഷ അധ്യാപകരുടെ ചിത്രം അനുവാദമില്ലാതെ മൊബൈലില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥിക്ക് ഒരു മാസത്തേക്ക് ക്ലാസ്സില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ബാധകമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന് അയക്കുകയും ചെയ്യും. രക്ഷിതാക്കളുടെ അനുവാദത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും ഇതെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സ്വഭാവ സംസ്‌ക്കരണം ലക്ഷ്യമിട്ടാണ് സ്‌കൂളിലും പുറത്തും പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളിലുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണിത്.
ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൈക്കൊള്ളേണ്ട വിവിധ നടപടിക്രമങ്ങള്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളില്‍ നിന്നുണ്ടാവുന്ന തെറ്റായ പ്രവണതകളും അവ പരിഹരിക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളും കൃത്യമായി രേഖപ്പെടുത്തി വയ്ക്കാനും വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. സ്വഭാവവും തീവ്രതയും അവയുടെ പ്രത്യാഘാതവും അടിസ്ഥാനമാക്കി വിദ്യാര്‍ഥികളില്‍ നിന്നുണ്ടാകുന്ന അച്ചടക്ക ലംഘനങ്ങളെ ആറായി തിരിച്ചിരിക്കുകയാണ് മന്ത്രാലയം.
ഇതില്‍ മോണിംഗ് അസംബ്ലിയിലെ വികൃതികള്‍, യൂനിഫോം കൃത്യമായി ധരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ഏറ്റവും ചെറിയ അച്ചടക്ക ലംഘനങ്ങളായി കാണിച്ചിരിക്കുന്നത്. സ്‌കൂളില്‍ വഴക്കുകള്‍ ഉണ്ടാക്കാന്‍ പ്രേരണ നല്‍കുക, ക്ലാസ്സുകളില്‍ നിന്ന് മുങ്ങുക തുടങ്ങിയവയാണ് അടുത്തപടി. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, നിര്‍ബന്ധ പ്രാര്‍ഥനകള്‍ ഒഴിവാക്കല്‍, മറ്റുള്ളവരുമായി വഴക്കിടല്‍ തുടങ്ങിയവ മൂന്നാം തരം കുറ്റകൃത്യങ്ങള്‍. മറ്റ് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുക, സ്‌കൂളില്‍ നിന്ന് പുകവലിക്കുക, റാഗിംഗ് തുടങ്ങിയവ നാലാം തരം നിയമ ലംഘനങ്ങളില്‍ വരും.
സ്‌കൂളിലേക്ക് ആയുധങ്ങളും കത്തി പോലെ മൂര്‍ച്ചയേറിയ ഉപകരണങ്ങളുമായി വരിക, അധ്യാപകരെയോ സ്‌കൂള്‍ ജീവനക്കാരെയോ ഭീഷണിപ്പെടുത്തുക, അവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുക തുടങ്ങിയവയാണ് അടുത്ത പടി. മത ചര്യകളെ പരിഹസിക്കുക, സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അക്രമിക്കുക തുടങ്ങിയവയാണ് ഏറ്റവും ഗൗരവമേറിയ കുറ്റകൃത്യങ്ങളായി കണക്കാക്കിയിരിക്കുന്നത്.
ഇത്തരം ആറു വിഭാഗം അച്ചടക്ക ലംഘനങ്ങളില്‍ ഓരോന്നിനുമുള്ള കൃത്യമായ ശിക്ഷാ രീതികളും നടപടിക്രമങ്ങളും മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമംയ, വിദ്യാര്‍ഥികള്‍ക്കെതിരേ കൃത്യമായ തെളിവുകളുള്ള കേസുകളില്‍ മാത്രമേ പോലിസിന് ഇടപെടുത്താവൂ എന്നും നിര്‍ദ്ദേശമുണ്ട്.
അച്ചടക്ക നടപടികളിലൂടെ ഘട്ടം ഘട്ടമായി വിദ്യാര്‍ഥികളില്‍ സ്വഭാവ മാറ്റം സാധ്യമാക്കുന്നതിന് ഇത്തരം കുട്ടികളുടെ പ്രവര്‍ത്തനങ്ങളും അച്ചടക്ക നടപടികളോടുള്ള അവരുടെ പ്രതികരണങ്ങളും അവ മൂലമുണ്ടായ മാറ്റങ്ങളും കൃത്യമായി വിലയിരുത്താന്‍ സംവിധാനമൊരുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
മൊബൈല്‍ ഫോണിന്റെ ദുരുപയോഗം വ്യാപകമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരുന്നത് വിലക്കിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചുവെന്നതിന് തെളിവായി മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണമെന്നായിരുന്നു മന്ത്രാലയം നേരത്തേ നല്‍കിയിരുന്ന നിര്‍ദ്ദേശം.
ഇത് പരിശോധിച്ച ശേഷം മാത്രമേ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്‌കൂള്‍ കോംപൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദം നല്‍കിയത്. എന്നാല്‍ ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവരുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ വിലക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു. പകരം തവക്കല്‍നാ വെബ് വഴി പരിശോധിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് പുതുതായി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
അതേസമയം, സ്‌കൂളില്‍ വച്ച് ആരെങ്കിലും മൊബൈലില്‍ ഫോട്ടോ എടുക്കുന്നതോ വീഡിയോ പകര്‍ത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ ഗൗരവത്തിനനുസരിച്ച് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കി. അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയാല്‍ അഞ്ച് ലക്ഷം റിയാലാണ് പിഴ. അതോടൊപ്പം ഒരു വര്‍ഷം ജയിലിലും കിടക്കണം. കുട്ടികള്‍ സ്‌കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതിനിടെ സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കാൻ അനുമതിയായി. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ ബാച്ചുകളായി തിരിച്ചാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കുക. ഈ മാസം പതിമൂന്ന് മുതല്‍ പഠനമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂളുകള്‍.
കോവിഡിന് ശേഷം രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സൗദി വിദ്യഭ്യാസ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലാണ് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്. ഈ മാസം പതിമൂന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകളായ പ്ലസ് വണ്‍, പ്ല്‌സടു ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ സര്‍ക്കുലര്‍ മുഖേന നല്‍കി കഴിഞ്ഞു.
രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഇരുപത് പേര്‍ അടങ്ങുന്ന ബാച്ചുകളായി തിരിക്കും. ശേഷം ഇവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ലാസുകളില്‍ ഹാജരാകുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക. രണ്ടാം ഘട്ടത്തില്‍ ഒന്‍പത് പത്ത് ക്ലാസുകള്‍ക്കും, മൂന്നാം ഘട്ടത്തില്‍ ഏഴ് എട്ട് ക്ലാസുകള്‍ക്കും ഇത്തരത്തില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിക്കുവാനാണ് സ്‌കൂളുകളുടെ തീരുമാനം. ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. സൗദിയിലെ പ്രാദേശിക സ്‌കൂളുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല