1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2021

സ്വന്തം ലേഖകൻ: ശരാശരി പ്രതിമാസ ശമ്പളത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാരെ പിന്നിലാക്കി സൗദി സ്ത്രീകള്‍. 2020 രണ്ടാം പകുതിയിലാണ് രാജ്യത്തെ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങിയത്. സൗദിയില്‍ ഇതാദ്യമാണെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 4105 റിയാലും പുരുഷന്‍മാരുടേത് 3944 റിയാലുമായിരുന്നുവെന്ന് അല്‍ വതന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ്, നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 2020 ആദ്യ പകുതിയില്‍ പുരുഷന്‍മാരുടെ ശരാശരി പ്രതിമാസ ശമ്പളം 4539 റിയാലും സ്ത്രീകളുടേത് 4308 റിയാലുമായിരുന്ന സ്ഥാനത്താണ് രണ്ടാം പകുതിയില്‍ സ്ത്രീകള്‍ മുന്നില്‍ കയറിയത്.

സ്ത്രീകളുടെ വാര്‍ഷിക ശമ്പളത്തില്‍ 16.59 ശതമാനത്തിന്റെയും പുരുഷന്‍മാരുടേതില്‍ 15.32 ശതമാനത്തിന്റെ വര്‍ധനവ് ഈ കാലയളവില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്തെ പൊതു- സ്വകാര്യ മേഖലകളിലെ കമ്പനികളുടെ എണ്ണത്തില്‍ 2020ലെ ആദ്യ പാദത്തെക്കാള്‍ 10 ശതമാനം വര്‍ധന 2021ലെ ആദ്യ പാദത്തിലുണ്ടായി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 630,798 കമ്പനികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഈ വര്‍ഷം ആദ്യ പാദത്തില്‍ നിന്ന് രണ്ടാം പാദത്തിലെത്തുമ്പോഴേക്കും കമ്പനികളുടെ എണ്ണത്തില്‍ 2.7 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാൽ സൗദിയിലേക്കുള്ള അതിര്‍ത്തികള്‍ തുറന്നതോടെ നുഴഞ്ഞു കയറ്റവും കൂടി. വിദേശികള്‍ക്ക് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാന്‍ അവസരം ഒരുക്കി കൊടുക്കുന്നവര്‍ക്ക് ജയിൽ ശിക്ഷയും പിഴയും നല്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അഞ്ചു മുതൽ 15 വർഷം വരെ തടവ് ശിക്ഷയും 10 ലക്ഷം റിയാല്‍ പിഴയും ആണ് ശിക്ഷ. അതിര്‍ത്തികള്‍ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ വിദേശികളെ സഹായിക്കുന്നവര്‍ക്കും യാത്രാ സൗകര്യവും താമസവും നൽകുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്. സൗദി ആഭ്യന്തര മന്ത്രി സമർപ്പിച്ച നിര്‍ദേശത്തിന്‍റെ ഭാഗമായാണ് വിഷയത്തില്‍ തീരുമാനം.

നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യവും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും, അവരെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കും പത്തു ലക്ഷം റിയാൽ പിഴ ചുമത്തും. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുകയാണ്. ഇന്നലെ പുതുതായി 75 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 64 പേർ ആണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് 6 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

53,730 ആർ.ടി പി.സി.ആർ പരിശോധനകൾ ആണ് സൗദിയില്‍ കഴിഞ്ഞ ദിവസം നടന്നത്. 5,35,373 പേർ കൊവിഡില്‍ നിന്നും മുക്തര്‍ ആയി.2,387 കൊവി‍ഡ് ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആണ്. ഇതില്‍ 378 പേരുടെ സ്ഥിതി ഗുരുതരമാണ്. കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.