1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2021

സ്വന്തം ലേഖകൻ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലെ പള്ളികൾക്ക് ഏർപ്പെടുത്തിയ കോവിഡ് പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചു. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ നേരത്തെ നിലനിന്നിരുന്ന ഇടവേളകൾ ആവാം. ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് പള്ളികൾ മുഴുവൻ സമയം തുറക്കാനുമാകും. ഞായറാഴ്ച മുതൽ പുതിയ നിർദേശങ്ങൾ പ്രാപല്യത്തിൽ വന്നു. പൊതുജനാരോഗ്യ വിദഗ്ധരുടെ നിർദേശമനുസരിച്ചാണ് ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലു ഷെയ്ഖ് പുതിയ സർക്കുലർ പുറത്തിറക്കിയത്.

9 മാനദണ്ഡങ്ങളാണ് പരിഷ്കരിച്ച പ്രോട്ടോക്കോൾ സർക്കുലറിൽ ഉള്ളത്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി സൗദി ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന മുഴുവൻ കാര്യങ്ങളും അംഗീകരിക്കുന്നതോടൊപ്പം മാസ്ക് ധരിക്കുക, പ്രത്യേക വിരി (മുസല്ല) കൊണ്ടുവരിക, പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും തിരക്ക് ഒഴിവാക്കുക തുടങ്ങി കോവിഡ് പ്രതിരോധ നടപടികൾ കണിശമായും പാലിച്ചിരിക്കണമെന്നാണ് നിർദേശങ്ങളിൽ പ്രധാനം.

കൂടാതെ പ്രാർഥനക്കെത്തുന്നവർക്കിടയിൽ ചുരുങ്ങിയത് ഒന്നര മീറ്റർ അകലം പാലിക്കണം. ഓരോ സഫുകൾക്ക് (വരി) ശേഷവും ഒരു വരി ഒഴിച്ചിടണം. ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ നേരത്തെ തുടർന്ന് പോരുന്ന അംഗീകൃത ഇടവേളകൾ പാലിക്കാം. സാധാരണ നമസ്കാരത്തിന് 20 മിനിറ്റും മഗ്‌രിബ് (സന്ധ്യാ നിസ്‍കാരം) നമസ്കാരത്തിന് 10 മിനിറ്റും ഫജ്ർ (പ്രഭാത നിസ്‍കാരം) നമസ്കാരത്തിന് 25 മിനിറ്റും ആണ് ഈ ഇടവേള. വെള്ളിയാഴ്ച ജുമുഅയ്ക്ക് ഒരുമണിക്കൂർ മുമ്പ് പള്ളികൾ തുറക്കാം.

ഖുതുബയും നമസ്കാരവും കഴിഞ്ഞ് അരമണിക്കൂറിന് ശേഷം പള്ളി അടച്ചാൽ മതിയാകും. വെള്ളിയാഴ്ചയിലെ ഖുതുബ പ്രഭാഷണം 15 മിനിറ്റായി ചുരുക്കണം എന്ന നിർദേശം പുതിയ സർക്കുലർ പ്രകാരം റദ്ദാക്കി. പള്ളികളിൽ മുസ്ഹഫ് കോപ്പികൾഅനുവദിക്കുമെങ്കിലും ആരാധനക്കെത്തുന്നവരോട് സ്വന്തം ഖുർആൻ കൊണ്ടുവരാൻ പ്രേരിപ്പിക്കുകയും ചെയ്യണം.

സാമൂഹിക അകലം പാലിച്ച് പള്ളികളിൽ നടക്കുന്ന നടപടിക്രമങ്ങളും പ്രഭാഷണങ്ങളും പഠനങ്ങളും പുനഃസ്ഥാപിക്കാൻ അനുവദിക്കും. എന്നാൽ ഇത് സാധാരണ പള്ളിയുടെ തുറക്കൽ-അടക്കൽ സമയവുമായി പൊരുത്തപ്പെടുന്നതാകണമെന്നും നിർദേശത്തിൽ ഉണ്ട്. പള്ളികളിൽ നിന്ന് വാട്ടർ കൂളറുകളും റഫ്രിജറേറ്ററുകളും നീക്കം ചെയ്യാനുള്ള മുൻനിർദേശവും പുതിയ പ്രോട്ടോക്കോൾ പരിഷ്കരണത്തിലൂടെ റദ്ദാക്കി.

അതേസമയം, പള്ളികളും ചുറ്റുപാടും ഇടയ്ക്കിടെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, പകർച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും പള്ളികളിലെത്തുന്ന ആരാധകരോടും സന്ദർശകരോടും മന്ത്രാലയം അഭ്യർഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.