1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2019

സ്വന്തം ലേഖകൻ: സൗദിയുടെ എൺപത്തി ഒമ്പതാമത് ദേശീയ ദിനം രാജ്യമെങ്ങും ആഘോഷിച്ചു. വിവിധ നഗരങ്ങളിൽ നടന്ന പരിപാടികൾക്ക് വൻ ജനാവലി ഒഴുകിയെത്തിയിരുന്നു. ആകാശത്ത് വിവിധ വർണങ്ങൾ വാരിവിതറി നടന്ന വെടിക്കെട്ടുകൾ തന്നെയായിരുന്നു ആഘോഷത്തിലെ ഏറ്റവും ആകർഷണം.

രാവിലെ മുതൽ തന്നെ സൗദിയുടെ പച്ച പതാകയേന്തിക്കൊണ്ടുള്ള വാഹനങ്ങൾ നിരത്തുകൾ കൈയ്യടക്കിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആഘോഷം അതിന്റെ പാരമ്യത്തിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ചു നടന്നത്.

വ്യോമാഭ്യാസ പ്രകടനങ്ങൾ, സംഗീത നിശകൾ, കുട്ടികളുടെ കലാപരിപാടികൾ, ലേസർ പ്രദർശനം, ത്രീഡി ലൈറ്റ് ഷോ, വെടിക്കെട്ടുകൾ തുടങ്ങിയ പരിപാടികളോടെ നാടെങ്ങും ആഘോഷത്തിമിർപ്പിലായിരുന്നു. സൗദി എൻറർടൈൻമെൻറ് അതോറിറ്റിക്ക് കീഴിലാണ് പരിപാടികൾ അരങ്ങേറിയത്. റിയാദ്, ജിദ്ദ, ദമ്മാം, മദീന, തബൂക്ക്, അബഹ തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷ പരിപാടികൾ.

രാജ്യത്തിന്റെ 13 നഗരങ്ങളിൽ ഒരുക്കിയ വെടിക്കെട്ടുകളായിരുന്നു ആഘോഷത്തിലെ മുഖ്യാകർഷണം. സ്വദേശികളോടൊപ്പം വിദേശികളും സൗദി ദേശീയദിനം സമുചിതമായി ആഘോഷിച്ചു. ദേശീയദിനാഘോഷ പരിപാടികൾ വരും ദിനങ്ങളിലും തുടരും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.