1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2020

സ്വന്തം ലേഖകൻ: വ്യാഴാഴ്ച പുലർച്ചെ ദമാം-അൽഖോബാർ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ച കൂട്ടുകാരായ മൂന്നു യുവാക്കൾക്കു വൻജനാവലിയുടെ സാന്നിധ്യത്തിൽ അന്ത്യയാത്ര. സൌദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് ഒരേ വാഹനത്തിൽ യാത്ര തിരിച്ച കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ് (22), വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ് (22), താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് ദമാം-അൽഖോബാർ ഹൈവേയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടിന് നടന്ന അപകടത്തിൽ മരിച്ചത്.

സൌദി ദേശീയ ദിനം, വാരാന്ത്യ അവധി എന്നിവയായിരുന്നിട്ടും സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം മണിക്കൂറുകൾക്കുള്ളിൽ മൃതദേഹങ്ങൾ മറവുചെയ്യാനായി. വ്യാഴാഴ്ച രണ്ടിന്ശേഷം നടന്ന അപകടം സൌദിയിൽ തന്നെയുള്ള രക്ഷിതാക്കളും കുടുംബങ്ങളും അറിയുന്നത് രാവിലെ ആറിനാണ്. വെള്ളിയാഴ്ച രണ്ടിന് നിയമ നടപടികൾ പൂർത്തിയാക്കി ദമാം മെഡിക്കൽ കോംപ്ലക്സ് പരിസരത്ത് മയ്യിത്ത് നിസ്കാരവും 91 ഖബർസ്ഥാനിൽ സംസ്കാരവും നടന്നു. രണ്ടിടത്തും വൻജനാവലിയാണ് മൂവർക്കും അന്ത്യോപചാരമർപ്പിക്കാനും യാത്രാമൊഴി നൽകാനും തടിച്ചു കൂടിയത്.

22 വയസ് മാത്രം പ്രായമുള്ള ഈ യുവാക്കളുടെ അവിചാരിത വിയോഗമുണ്ടാക്കിയ ഞെട്ടൽ നിന്ന് ദമാമിലെ മലയാളി സമൂഹം ഇനിയും മുക്തരായിട്ടില്ല. സഹപാഠികൾക്കും പരിചയക്കാർക്കും ഇവരെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഷെഫീഖും അൻസിഫും രാത്രി 12.30 ന് തീരുന്ന ഡ്യൂട്ടി കഴിഞ്ഞതിന് ശേഷമാണ് ബഹ്റൈനിൽ വിദ്യാർഥിയായ സനദിന്റെ കൂടെ ദേശീയ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള യാത്രയിൽ ചേർന്നത്.

പ്രധാന ഹൈവേയിൽ നിന്ന് സ്പീഡിൽ പാരലൽ റോഡിലേക്ക് ഇറങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന ഹ്യുണ്ടായി കാർ ഡിവൈഡറിൽ ഇടിച്ച് പലതവണ മറിയുകയായിരുന്നു. കാർ അപ്പാടെ തകരുകയും മൂവരും തൽക്ഷണം മരിക്കുകയും ചെയ്തതതായാണ് പൊലീസ് റിപ്പോർട്ട്. മൂന്നു പേരും ദമാം ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.