
സ്വന്തം ലേഖകൻ: സൗദിയിലെ വാദി ദവാസിറിലെ പെട്രോൾ പമ്പ് ജീവനക്കാരനായ മലയാളിയെ തോക്കുപയോഗിച്ച് വെടിവെച്ച സൗദി പൗരന് ഏഴുവർഷം തടവു ശിക്ഷ. ഫുൾടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് വെടിവെച്ചത്. കൊല്ലം സ്വദേശിയായ മുഹമ്മദ് നിലവിൽ ചികിത്സയിലാണ്.
പബ്ലിക് പ്രോസിക്യൂഷൻ കടുത്ത ശിക്ഷ വേണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതിയായ സൗദി പൗരൻ കോടതി നിശ്ചയിക്കുന്ന പിഴയും ഒടുക്കണം. പുറമെ, പ്രതിയുടെ പക്കലുണ്ടായിരുന്ന തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാർക്കെതിരായ അതിക്രമങ്ങളെ കർശനമായി നേരിടുമെന്ന് കോടതി വ്യക്തമാക്കി.
ആയുധം അനാവശ്യമായി കൈവശം വെക്കുന്നതും പൊതു സ്ഥലത്ത് ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 12ന് റിയാദ് പ്രവിശ്യയിൽ പെട്ട വാദി ദവാസിറിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യം സൗദി പൗരന്മാർക്കിടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
പെട്രോൾ പമ്പിലെ മലയാളി ജീവനക്കാരനായ മുഹമ്മദ് സൗദി പൗരന്റെ വാഹനത്തിൽ പെട്രോൾ നൽകി. പണം നൽകാതെ പോകാനൊരുങ്ങി. ചോദ്യം ചെയ്തതോടെ സൗദി പൗരൻ മുഹമ്മദിനെ കയ്യേറ്റം ചെയ്തു. മുഹമ്മദ് പ്രതിരോധിച്ചതോടെ സൗദി പൗരൻ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിന്റെ തുടക്കാണ് വെടിയേറ്റത്. ശസ്ത്രക്രിയക്ക് ശേഷം റൂമിൽ വിശ്രമത്തിലാണ് മുഹമ്മദ്. കേസിൽ സൗദി നിയമമനുസരിച്ച് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരത്തതിന് അർഹതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല