
സ്വന്തം ലേഖകൻ: ആഗോള താപനം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ സൗദി അറേബ്യ. രാജ്യത്ത് അനുമതിയില്ലാതെ മരം മുറിക്കുന്നതിന് 20,000 റിയാല്‍ വീതം പിഴയീടാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേന അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ നാലു ലക്ഷത്തോളം രൂപ വരുമിത്. ലൈസന്‍സ് ഇല്ലാതെ മരം മുറിക്കുന്നതും മരങ്ങള്‍ പിഴുതെടുക്കുന്നതും അവ കടത്തിക്കൊണ്ടുപോകുന്നതും വില്‍പ്പന നടത്തുന്നതും രാജ്യത്തെ പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്.
മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് അധികൃതര്‍ മുന്നറിയപ്പ് നല്‍കി. പിഴയൊടുക്കും വരെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. സൗദി കിരീടാവകാശിയുടെ നിര്‍ദേശ പ്രകാരമാണ് പരിസ്ഥിതി നിയമം ശക്തമായി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ആഗോള താപനം, മലിനീകരണം കുറക്കല്‍ എന്നിവ ലക്ഷ്യം വെച്ച് സൗദി അറേബ്യ പരിസ്ഥിതി നിയമം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പച്ചപ്പ് നിലനിര്‍ത്തുകയും വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചവയാണ് പരിസ്ഥിതി നിയമം, വന സംരക്ഷണ നിയമം എന്നിവ.
നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചു. നിയമ ലംഘനത്തിന് പിടിക്കപ്പെടുന്നവരോട് ഒരു നിലയ്ക്കുമുള്ള വിട്ടുവീഴ്ചയും കാണിക്കേണ്ടെന്നാണ് നിലപാട്. ഈ നിയമങ്ങളുടെ ലംഘനം ശ്രദ്ധയില്‍പ്പെടുന്നവര്‍ മക്ക, റിയാദ് റീജ്യണുകളിലുള്ളവര്‍ 911 എന്ന നമ്പറിലേക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 996, 999 എന്നീ നമ്പറുകളിലേക്കും വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
തണുപ്പ് കാലമായതോടെ ചൂട് കായുന്നതിനായി വിറക് ശേഖരിക്കുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അനധികൃതമായി മുറിച്ച മരങ്ങള്‍ വില്‍പ്പന നടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഭക്ഷണം പാചകം ചെയ്യാന്‍ നിയമവിരുദ്ധമായി മുറിച്ച മരങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും. തണുപ്പ് കാലത്ത് ചൂടുകായുമ്പോള്‍ പുല്‍മേട്ടില്‍ തീ പിടിച്ചാലും, പരിസ്ഥിതിക്ക് കോട്ടം സംഭവിച്ചാലും നടപടിയുണ്ടാകും.
സൗദിയിലെ പരിസ്ഥിതി നിയമം അനുസരിച്ച് വന്യ ജീവികളെ വേട്ടയാടുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ക്ഷേമത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ 50,000 റിയാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
മൃഗങ്ങള്‍ക്ക് അനുയോജ്യമായ താമസസ്ഥലം ഒരുക്കാതിരിക്കുക, ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്‍കുന്നതില്‍ വീഴ്ച വരുത്തുക, രോഗമുള്ള മൃഗങ്ങളെയോ മൃഗങ്ങളുടെ കുഞ്ഞുങ്ങളെയോ വില്‍പ്പന നടത്തുക, മൃഗങ്ങളെ പീഡിപ്പിക്കുക തുടങ്ങിയവയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ വെറ്ററിനറി കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ 939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല