
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ അധ്യയന വർഷം ഇൗ മാസം 30 ന് ആരംഭിക്കുമെന്നും ഏഴ് ആഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സൗദി വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ് അൽ ഷെയ്ഖ് അറിയിച്ചു. എല്ലാ തലത്തിലുള്ള വിദ്യാർഥികളും ഇതേ രീതി അനുവർത്തിക്കണം. കൊവിഡ് മഹാമാരിയുടെ ആഘാതം രാജ്യം ഇപ്പോഴും അഭിമുഖീകരിക്കുന്നതിനാൽ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രായോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി നേരിട്ട് ഹാജരാകേണ്ട യൂണിവേഴ്‌സിറ്റി, ടെക്നിക്കൽ കോഴ്‌സുകളിലുള്ളവർക്ക് മുൻകരുതലുകൾ പാലിച്ച് ചില ഇളവുകൾ നൽകും. അതേസമയം, മറ്റെല്ലാ തലത്തിലുള്ള വിദ്യാർഥികൾക്കും അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ഇ-ലേണിങ് പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വെർച്വൽ ക്ലാസുകൾ Vschool.sa എന്ന പോർട്ടൽ വഴിയാണ് നൽകുക. രാജ്യത്തിന്റെ ദേശീയ വിദ്യാഭ്യാസ പോർട്ടലായ ‘ഐൻ’ വഴി സ്കൂൾ പാഠ്യപദ്ധതികൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ആഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി, സാധാരണ ക്ലാസ് മുറികളിലേക്ക് വിദ്യാർഥികളെ മടങ്ങാൻ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കും.
ഇന്റർമീഡിയറ്റ്, ഹൈസ്കൂൾ വിദ്യാർഥികൾക്ക് രാവിലെ 7 മണിക്കും, പ്രാഥമിക ക്ലാസുകളിലുള്ളവർക്ക് ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് ക്ലാസുകൾ ആരംഭിക്കുക. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 9 മുതലാണ് സൗദിയിൽ സ്‌കൂളുകൾ അടച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല