
സ്വന്തം ലേഖകൻ: സൌദിയുടെ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ട തീരുമാനം ഒരാഴ്ച കൂടി തുടരും. പ്രവാസികൾക്ക് ഒരാഴ്ച കൂടി സൌദിയിലേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൌദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം. ഇതോടെ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിരുകൾ അടച്ചിട്ടത്.
കഴിഞ്ഞയാഴ്ചയാണ് അതിർത്തികൾ അടച്ചിട്ടുകൊണ്ട് സൌദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് മറ്റൊരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൌദിയിലേക്ക് പുറമെ നിന്ന് ആർക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. എന്നാൽ സൌദിക്കകത്തുള്ള വിദേശികൾക്ക് വേണമെങ്കിൽ നാട്ടിലേക്ക് മടങ്ങാം. ഇതിനായി ചാർട്ടേർഡ് വിമാനങ്ങൾ കർശന പ്രോട്ടോകോൾ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിൻവലിക്കും.
ജനിതക മാറ്റം സംഭവിച്ച കൊവിഡ് സൌദിയിൽ കണ്ടെത്തിയിട്ടില്ല. കൊവിഡ് വാക്സിൻ അതിവേഗത്തിൽ നൽകുന്നുണ്ട്. ഏഴ് ലക്ഷം പേർ ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സൌദി ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരുതലിന്റെ ഭാഗമായി ഒരാഴ്ച കൂടി അതിർത്തികളടച്ചിട്ടത്. ഇതോടെ സൌദിയിലേക്കെത്താൻ വിദേശത്ത് കുടങ്ങിയ പ്രവാസികൾ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.
വിദേശരാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സൌദിയില്‍ നിന്ന് വിദേശത്തേക്ക് വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. വിദേശികളേയും വഹിച്ച് സൌദിയില്‍നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുവാനാണ് വിമാനങ്ങള്‍ക്ക് അനുമതിയുള്ളത്. അതേസമയം സ്വദേശികളേയും വഹിച്ച് സൌദിക്കു വെളിയില്‍ യാത്ര ചെയ്യുവാന്‍ അനുമതിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല