
സ്വന്തം ലേഖകൻ: രാജ്യാന്തര കമ്പനികളുടെ മേഖലാ ആസ്ഥാനം റിയാദിലേക്ക് ആകർഷിക്കാൻ റീജനൽ ഹെഡ് ക്വാർട്ടേഴ്സ് പ്രോഗ്രാമുമായി സൗദി അറേബ്യ. നിക്ഷേപ മന്ത്രാലയവും റിയാദ് സിറ്റി റോയൽ കമ്മിഷനും സംയുക്തമായാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
മേഖലാ ആസ്ഥാനം സൗദിയിലേക്കു മാറ്റുന്ന വിദേശ കമ്പനികൾക്ക് നികുതി ഇളവ്, വീസ പരിധി, സ്വദേശിവൽക്കരണം, കെട്ടിടം നിർമിക്കാൻ ആവശ്യമായ സ്ഥലം, ലളിത നടപടിക്രമങ്ങൾ, ഫീസ് ഇളവ്, മൂലധന സമാഹരണം ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
നിക്ഷേപ സൗഹൃദ രാജ്യമാക്കി സൗദിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. പെപ്സികോ, സീമൻസ്, യൂനിലിവർ ഉൾപ്പെടെ 80ലധികം കമ്പനികൾക്ക് ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നതിന് ലൈസൻസ് അനുവദിച്ചതായി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. നിലവിൽ വിവിധ രാജ്യങ്ങളിലുള്ള കമ്പനികളുടെ ആസ്ഥാനം സൗദിയിലേക്കു മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.
2024 മുതൽ സൗദി സർക്കാരിന്റെ കരാറുകൾ ലഭിക്കണമെങ്കിൽ വിദേശ കമ്പനികളുടെ മേഖലാ ആസ്ഥാനം റിയാദിലേക്കു മാറ്റണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ന്യൂ മുറബ്ബ, ദ് ലൈൻ, ട്രോജന, ദിരിയ്യ, നിയോം സിറ്റി തുടങ്ങി സൗദിയുടെ മുഖഛായ മാറ്റുന്ന കോടികളുടെ പദ്ധതി കരാറുകൾ ലഭിക്കാൻ ഇതനിവാര്യമാണ്. ആസ്ഥാനം മാറ്റുമ്പോൾ കമ്പനികൾക്ക് അധികച്ചെലവ് ഉണ്ടാകാതിരിക്കാനാണ് ഇളവുകൾ നൽകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
സൗദി വിപണി പ്രതീക്ഷിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ആസ്ഥാനം തുറക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇതോടെ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ഇനി ആസ്ഥാന മന്ദിരങ്ങളുടെ കേന്ദ്രമായി മാറും. 10 വർഷത്തിനകം 480 കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങൾ റിയാദിലേക്കു മാറ്റാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഇതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് 1800 കോടി ഡോളർ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 30,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ 10 നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല