1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

സ്വന്തം ലേഖകൻ: സൗദി ചാനലുകളുടെ ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. പ്രധാന സൗദി വാര്‍ത്താ ചാനലുകളായ അല്‍ അറബിയ്യ, അല്‍ ഹദസ് എന്നിവയുടെ ആസ്ഥാനം ദുബായ് മീഡിയ സിറ്റിയില്‍ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് മാറ്റാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരേ മീഡിയ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളാണ് ഇവ രണ്ടും.

2024നു മുമ്പായി മറ്റ് വാര്‍ത്താ ചാനലുകളും ആസ്ഥാനം മാറ്റും. മിഡിലീസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും പ്രധാന മാധ്യമ സ്ഥാപനമായ എംബിസി ഗ്രൂപ്പിന്റെ ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞവര്‍ഷം തന്നെ പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമ ഹബ്ബായി അറിയപ്പെടുന്ന ദുബായ് മീഡിയ സിറ്റിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാവും സൗദിയുടെ ഈ തീരുമാനം.

ഏഴു ലക്ഷം റിയാല്‍ ചെലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ്യ ചാനലിന്റെ സ്റ്റുഡിയോ ദുബായ് മീഡിയ സിറ്റിയിലെ ഏറ്റവും വലിയ സ്റ്റുഡിയോ കൂടിയാണ്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സൗദി കിരീടാവകാശി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി റിയാദിനെ രാജ്യത്തിന്റെ ബിസിനസ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

മധ്യപൗരസ്ത്യ ദേശത്തെ ആസ്ഥാനം സൗദി അറേബ്യയ്ക്ക് പുറത്താണെങ്കില്‍ അത്തരം കമ്പനികളുമായി സൗദി സര്‍ക്കാരോ സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളോ ഏതെങ്കിലും രീതിയിലുള്ള കരാറുകളില്‍ ഏര്‍പ്പെടുകയില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2024 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് സൗദി നേരത്തേ അറിയിച്ചിരുന്നത്. ഇതിനകം പല വിദേശ കമ്പനികളും ആസ്ഥാനം സൗദി തലസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുമുണ്ടായി.

കിരീടാവകാശിയുടെ നേതൃത്വല്‍ റിയാദിനെ മിഡിലീസ്റ്റിലെ വ്യാപാര കേന്ദ്രമാക്കി മാറ്റാനുള്ള നീക്കങ്ങളില്‍ ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ മിക്കവാറും എല്ലാ ആഗോള കമ്പനികളുടെയും ആസ്ഥാനം ദുബായിലോ അബൂദാബിയിലോ ആണ് പ്രവര്‍ത്തിക്കുന്നത്. റീജ്യണല്‍ ആസ്ഥാനം സൗദിയില്‍ അല്ലെങ്കില്‍ അത്തരം കമ്പനികളുമായി വ്യാപാരം അവസാനിപ്പിക്കുമെന്ന സൗദിയുടെ ഭീഷണി അതുകൊണ്ടു തന്നെ ഏറ്റവും വലിയ ആഘാതം ഏല്‍പ്പിക്കുക യുഎഇക്ക് തന്നെയാവും.

യുഎഇക്ക് നല്‍കി വന്നിരുന്ന പല വ്യാപാര ഇളവുകളും സൗദി അടുത്ത കാലത്തായി എടുത്തുകളഞ്ഞതും ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ശീതസമരത്തിന്റെ തുടര്‍ച്ചായായാണ് വിലയിരുത്തപ്പെടുന്നത്. 2019 മുതലാണ് പൊതുവെ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഇരു രാജ്യങ്ങളും തമ്മില്‍ അകല്‍ച്ച തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. യമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യുഎഇയുടെ തീരുമാനമാണ് ഇതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

യമനിനെതിരായ യുദ്ധത്തില്‍ തങ്ങള്‍ തനിച്ചായി എന്ന പ്രതീതിയാണ് ഇത് സൗദിയില്‍ സൃഷ്ടിച്ചത്. യമനിലെ വിമത സര്‍ക്കാരിന് യുഎഇ നല്‍കുന്ന പിന്തുണയും അകല്‍ച്ച വര്‍ധിപ്പിച്ചു. അതോടൊപ്പം ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള സൗദിയുടെ പെട്ടെന്നുള്ള തീരുമാനവും ഇരുരാജ്യങ്ങള്‍ തമ്മലിലെ അസ്വാരസ്യം ശക്തിപ്പെടുത്തി. ഇക്കാര്യത്തില്‍ യുഎഇക്ക് താല്‍പര്യം ഇല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൗദിയാവട്ടെ, ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയൊരു ഏകോപന സമിതിക്ക് കഴിഞ്ഞയാഴ്ച രൂപം നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.