
സ്വന്തം ലേഖകൻ: സൗദിയില്‍ നിതാഖാത്ത് പദ്ധതി ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ പതിനെട്ട് ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം. നിതാഖാത്ത് വഴി ലക്ഷകണക്കിന് യുവതി യുവാക്കള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പരിഷ്കരിച്ച നിതാഖാത്ത് വഴി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്നര ലക്ഷത്തോളം സ്വദേശികള്‍ക്ക് കൂടി തൊഴില്‍ ലഭ്യമാക്കാനും പദ്ധതി.
രണ്ടായിരത്തി പതിനൊന്നിലാണ് സൗദിയില്‍ നിതാഖാത്ത് പദ്ധതി ആരംഭിക്കുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ സ്വദേശി അനുപാതം വര്‍ധിപ്പിക്കുന്നതിലും സ്വദേശികളുടെ വേതന തോത് ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ന് പദ്ധതി നടപ്പിലായി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ഈ മേഖലയിലെ സ്വദേശി അനുപാതം പതിനെട്ട് ലക്ഷമായി ഉയര്‍ന്നതായി ഗോസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പദ്ധതി രാജ്യത്തെ സ്വദേശി തൊഴിലന്വേഷകര്‍ക്ക് ഗുണകരമായി എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വര്‍ധനവെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് അല്‍ഹമ്മാദ് പറഞ്ഞു. പദ്ധതി വഴി ലക്ഷകണക്കിന് സ്വദേശി യുവതി യുവാക്കളായ തൊഴിലന്വേഷകര്‍ക്ക് പ്രയോജനം ലഭിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ പതിനാറ് ലക്ഷത്തോളം സ്ഥാപനങ്ങളാണ് പദ്ധതിയില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
നിതാഖാത്ത് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പ് വഴി കൂടുതല്‍ സുതാര്യതയും മാല്‍സര്യവും ഈ രംഗത്ത് സൃഷ്ടിക്കാന് സാധിക്കുമെന്നും മന്ത്രാലയം കണക്ക് കൂട്ടുന്നു. ഇത് വഴി അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം സ്വദേശികള്‍ക്ക് കൂടി തൊഴിലവസരം സൃഷ്ടിക്കുവാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. നിതാഖാത്തിന്‍റെ മറ്റൊരു ലക്ഷ്യമായ സ്വദേശികളുടെ മിനിമം വേതനം നടപ്പാക്കുന്നതിലും പദ്ധതി വിജയിച്ചതായും മന്ത്രാലയത്തിന്‍റെ അവലോകന റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല