1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2023

സ്വന്തം ലേഖകൻ: സഹകരണത്തിന്റെ പുതിയ വഴികള്‍ തേടി സൗദിയും ഒമാനും. ടൂറിസം മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംയുക്ത ടൂറിസം വീസയ്ക്ക് തുടക്കം കുറിക്കുകയാണ് ഇരു രാജ്യങ്ങളും. ഈ വീസ ഉപയോഗിച്ച് ഇരു രാജ്യങ്ങളിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് സംയുക്ത ടൂറിസം സീസണ്‍ കലണ്ടറും പുറത്തിറക്കും. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സംയുക്തമായി വൈവിധ്യമാര്‍ന്ന വിനോദ, കായിക പരിപാടികള്‍ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തും.

സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബിന്റെ ഒമാന്‍ സന്ദര്‍ശനത്തില്‍ ഒമാന്‍ ടൂറിസം മന്ത്രി സാലിം അല്‍ മഹ്‌റൂക്കിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഏകീകൃത ടൂറിസം വീസയ്ക്കും സംയുക്ത ടൂറിസം കലണ്ടറിനും തുടക്കം കുറിക്കാന്‍ തീരുമാനമായത്. ജിസിസി രാജ്യങ്ങളിലെ പൗരന്മാരെയും പ്രവാസികളെയും മറ്റ് അന്താരാഷ്ട്ര സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് തീരുമാനം.

ഇതിന്റെ ആദ്യ പടിയായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഏകീകൃത വിനോദ സഞ്ചാര വീസ പുറത്തിറക്കും. ഇതിന്റെ വിശദാംശങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു വീസ ഉപയോഗിച്ച് ഇരു രാജ്യങ്ങളിലും വിനോദ സഞ്ചാരം നടത്താന്‍ പാകത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

കൂടാതെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സീസണല്‍ വിനോദയാത്രകള്‍ സംഘടിപ്പിക്കുക, സംയുക്ത ടൂറിസം കലണ്ടര്‍ പുറത്തിറക്കുക തുടങ്ങി നിരവധി തീരുമാനങ്ങളും മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ കൈക്കൊണ്ടിട്ടുണ്ട്. വ്യാപാര, നിക്ഷേപ രംഗത്തെ സഹകരണം, ടൂറിസം മേഖലയിലെ വിവിധ പദ്ധതികള്‍, ഇരു രാജ്യങ്ങളിലെയും ടൂറിസത്തില്‍ താല്‍പ്പര്യമുള്ള സംരംഭകരെ പിന്തുണക്കല്‍ തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ഏകീകൃത ടൂറിസം വീസ നടപ്പിലാകുന്നതോടെ ഒരു വീസയില്‍ തന്നെ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവസരം ലഭിക്കും. കഴിഞ്ഞ ഡിസംബറില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കള്‍ അംഗീകരിച്ച ഗള്‍ഫ് ടൂറിസം സ്ട്രാറ്റജി 2023-2030 ന്റെ ഭാഗമായി മേഖലയില്‍ മനുഷ്യ വിഭാവ ശേഷി വികസനത്തില്‍ ഇരു രാജ്യങ്ങളും കൈകോര്‍ക്കും. ഇതിനാവശ്യമായ പരിശീലനങ്ങളും സന്ദര്‍ശന പരിപാടിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.