1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2021

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സൗദിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള മൂന്നു മാസമായി കുറച്ചു. ഇനി മുതല്‍ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. നിലവില്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ആയി മൂന്നാം ഡോസ് നല്‍കി വരുന്നത്.

ഫെബ്രുവരി ഒന്നു മുതല്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസിന്റെ ഇളവേള കുറയ്ക്കാനുള്ള പുതിയ തീരുമാനം. കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്ക് തവക്കല്‍നാ, സിഹത്തീ ആപ്പുകള്‍ വഴി ബൂസ്റ്റര്‍ ഡോസിനുള്ള അപ്പോയിന്‍മെന്റ് എടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. അതിന് അനുസൃതമായ മാറ്റങ്ങള്‍ ആപ്പുകളില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ആളുകള്‍ ഒന്നിച്ചു വരുന്നത് തടയുന്നതിന് വേണ്ടി കൂടിയാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരുടെ ആപ്പില്‍ കൊവിഡ് പ്രതിരോധ ശേഷി ആര്‍ജിച്ചതായി കാണിക്കുന്ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഫെബ്രുവരി മുതല്‍ ഇല്ലാതാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബൂസ്റ്റര്‍ ഡോസ് എടുത്ത് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭ്യമായവര്‍ക്കു മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും അനുമതി ലഭിക്കുകയുള്ളൂ. രണ്ട് ഡോസ് മാത്രം എടുത്തവരെ പ്രതിരോധ ശേഷി ഇല്ലാത്തവരായാണ് പരിഗണിക്കപ്പെടുക. നിലവില്‍ 18 വയസ് പൂര്‍ത്തിയായ എല്ലാ വിദേശികള്‍ക്കും സ്വദേശികള്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. ഇന്ത്യയില്‍ നിന്ന് സൗദി അംഗീകൃത വാക്സിന്‍ സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവര്‍ക്കും സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ലഭിക്കും.

ലോകത്തെ മിക്ക രാജ്യങ്ങളിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൂസ്റ്റര്‍ ഡോസ് വ്യാപകമാക്കാന്‍ സൗദി അധികൃതര്‍ തീരുമാനം എടുത്തത്. രണ്ട് ഡോസ് വൈറസ് മാത്രം എടുത്തവരേക്കാള്‍ 25 പ്രതിരോധ ശേഷി കൂടുതലാണ് ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്കെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി സിഇഒ ഡോ. അബ്ദുല്ല അല്‍ ഖുവസാനി പറഞ്ഞിരുന്നു. ഒമിക്രോണിനെതിരായ പ്രതിരോധത്തിന്റെ കാര്യത്തിലാണിത്. അതിനാല്‍ മുഴുവനാളുകളും വേഗത്തില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ഇതിന് പിന്നാലെയാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറച്ചതായി മന്ത്രാലയം അറിയിച്ചത്.

സൗദിയിൽ അഞ്ച്​ മുതൽ പതിനൊന്ന്​ വയസ്സ്​ പ്രായത്തിലുള്ള കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ നൽകുന്നത്​ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ സുരക്ഷയ്ക്കും കോവിഡ്​ വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിനുമാണ് പുതിയ തീരുമാനം​​. ഈ വിഭാഗത്തിൽ കോവിഡ്​ ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക്​ മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച്​ മുതൽ പതിനൊന്ന്​ വയസ്സുവരെയുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ ഉടനെ നൽകുമെന്ന്​ കഴിഞ്ഞ ദിവസം ആരോഗ്യ വക്താവ്​ വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.