1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2021

സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ ഭീഷണി തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി യുഎഇ. ഫെബ്രുവരി ഒന്നു മുതല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ രാജ്യത്തിലെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 18 വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ നിബന്ധന ബാധകമാവുക.

രണ്ടാമത്തെ ഡോസ് എടുത്ത് എട്ടു മാസം പൂര്‍ത്തിയായ ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തില്ലെങ്കില്‍ തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് പുറത്തിറങ്ങി നടക്കാനാവില്ല. വ്യാപാര സ്ഥാപനങ്ങള്‍, പൊതു ചടങ്ങുകള്‍, വിനോദ പരിപാടികള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാമുള്ള പ്രവേശനം ഇമ്മ്യൂണ്‍ സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നതിനാല്‍ സമയമായാല്‍ ഉടന്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, വാക്സിന്‍ എടുക്കുന്നതില്‍ നിന്ന് ആരോഗ്യ മന്ത്രാലയം ഇളവ് അനുവദിച്ചവര്‍ക്ക് ഇത് ബാധകമാവില്ല.

ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സമയമായവര്‍ക്ക് അതിനായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സിഹത്തീ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുന്ന തീയതി ഇതില്‍ കാണിക്കും. ഈ സമയത്ത് ബുക്കിംഗ് നടത്തി ബൂസ്റ്റര്‍ ഡോസ് എടുക്കണം. അല്ലാത്തവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസാണ് നഷ്ടമാകുക. സൗദിയില്‍ വാക്‌സിനെടുത്തവരുടെ വിവരങ്ങള്‍ ലഭ്യമാകുന്ന തവക്കല്‍നാ ആപ്പില്‍ രണ്ട് ഡോസും എടുത്തവരുടെ വിവരം പച്ച നിറത്തിലാണ് കാണിക്കുക. ആപ്പില്‍ പച്ച നിറം ഉള്ളവര്‍ക്കേ ജോലി സ്ഥലത്തും കടകളിലും വാഹനങ്ങളിലും പരിപാടികളിലും പ്രവേശനമുള്ളൂ.

ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രകള്‍ക്കും വിലക്കുണ്ട്. രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള വിമാന യാത്രയ്ക്കും ഇത് ബാധകമാണ്. അതേസമയം, യാത്രാ വിലക്കു കാരണം നാടുകളില്‍ കുടുങ്ങിയ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് സൗദിയിലേക്ക് വരുന്നതിന് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിഗണിക്കുന്നില്ല. അവര്‍ സൗദിയിലെത്തിയ ശേഷം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം സമയം ആകുന്ന മുറയ്ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചാല്‍ മതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.