
സ്വന്തം ലേഖകൻ: സൗദിയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് തുടരുന്നു. ചൊവ്വാഴ്ച 222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 106 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 5,51,210 ഉം രോഗമുക്തരുടെ എണ്ണം 5,30,284 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ ആകെ മരണം 8,865 ആയി. 2,061 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 28 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -77, ജിദ്ദ -38, മക്ക -26, ദമ്മാം -19, ഹുഫൂഫ് -12, മദീന -4, ത്വാഇഫ് -4, അൽ മുബറസ് -3, തബൂക്ക്, അബഹ, അൽ ഖോബാർ, ദവാദ്മി, യാംബു, ഖതീഫ്, അൽ ഉല, വാദി ദവാസിർ എന്നിവിടിങ്ങളിൽ 2 വീതവും മറ്റ് 23 സ്ഥലങ്ങളിൽ ഓരോ വീതം രോഗികളും.
സൗദി അറേബ്യയിൽ ഇതുവരെ 48,503,750 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,888,939 ആദ്യ ഡോസും 22,962,249 രണ്ടാം ഡോസും 652,562 ബൂസ്റ്റർ ഡോസുമാണ്. ഒമിക്രോണ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ബൂസ്റ്റർ ഡോസുകളുടെ വിതരണവും വ്യാപകമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള മൂന്ന് മാസമാക്കി കുറച്ചിരുന്നു. ഇതോടെ നിരവധിപേരാണ് വാക്സിൻ സ്വീകരിക്കാനെത്തുന്നത്. മുഴുവൻ ആളുകളും വേഗത്തിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല