1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ സംഭാവനകള്‍ പിരിക്കുന്നതും സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതും ഗുരുതരമായ നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇലക്ട്രോണിക് ഭിക്ഷാടനം എന്നാണ് സൗദി നിയമം ഇതിനെ വിശേഷിപ്പിക്കുന്നത്. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ വഴി സംഭാവന പിരിക്കുന്നത് 50,000 റിയാല്‍ പിഴയോ ആറ് മാസം തടവോ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ പണപ്പിരിവും ഭിക്ഷാടനമായാണ് സൗദി നിയമം പരിഗണിക്കുന്നത്. അതും നിയമവിരുദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം ഓണ്‍ലൈന്‍ പണപ്പിരിവുകള്‍ക്ക് സഹായം നല്‍കുന്നതും സമാനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സൗദിയില്‍ നിന്ന് നാടുകടത്തും. എന്നു മാത്രമല്ല, വീണ്ടും സൗദിയിലേക്ക് വരാനാവാത്ത വിധം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സൗദിയില്‍ നേരിട്ടുള്ള ഭിക്ഷാടനത്തിന് ഏര്‍പ്പെടുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴയും ഒരു വര്‍ഷം തടവുമാണ് ശിക്ഷ. ഇവരെയും ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ ആജീവനാന്ത പ്രവേശന വിലക്കോടെ സൗദിയില്‍ നിന്ന് നാടുകടത്തും. സൗദിയില്‍ ഭിക്ഷാടനം നടത്തിയ മൂന്ന് പ്രവാസികള്‍ ഈയിടെ അറസ്റ്റിലായിരുന്നു അറസ്റ്റിലായിരുന്നു.

ട്രാഫിക് സിഗ്‌നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് മിനറല്‍ വാട്ടര്‍ വില്‍പ്പന നടത്തുകയും ഇതിന്റെ മറവില്‍ പരോക്ഷമായി ഭിക്ഷാടനം നടത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് പാകിസ്താനികളും ഒരു ബംഗ്ലാദേശ് സ്വദേശിനിയുമാണ് അറസ്റ്റിലായത്. ഭിക്ഷാടനം സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളില്‍ 999 എന്ന നമ്പരിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഭിക്ഷാടനം സാമൂഹിക തിന്‍മയായാണ് സൗദി ഭരണകൂടം കാണുന്നത്. ഭിക്ഷാടനത്തിന്റെ മറവില്‍ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും നടക്കുന്നതായും അധികൃതര്‍ വിലയിരുത്തുന്നു. ഇതിനു പിന്നില്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അതേസമയം, രോഗ ചികില്‍സ ഉള്‍പ്പെടെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമാക്കാന്‍ സൗദി അറേബ്യയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്ലാറ്റ്ഫോമുകള്‍ ഉണ്ടെന്നും അധികൃതര്‍ അറിയിച്ചു.

പൊതു ആവശ്യങ്ങള്‍ക്കായി സംഭാവനകള്‍ പിരിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് അത് ചെയ്യരുതെന്നും നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സൗദി അധികൃതര്‍ പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ത്ഥിച്ചു. സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ വഴി സംഭാവനകള്‍ നല്‍കാനും ഇഷ്ടപ്പെട്ട സഹായ വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാനും സൗകര്യമുള്ള സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് പ്ലാറ്റ്ഫോമായ ഇഹ്സാന്‍ (ചാരിറ്റി) സൗദി അറേബ്യ ആരംഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.