1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2021

സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സൗദി ആരോഗ്യ മന്ത്രാലയം. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ ആസ്വാദന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ പൂര്‍ണ ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്.

എന്നാല്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഇത്തരം ആസ്വാദന കേന്ദ്രങ്ങളിലും ടൂറിസ്റ്റ് മേഖലകളിലും പ്രവേശനം അനുവദിക്കൂ. പൂര്‍ണമായി വാക്‌സിന്‍ എടുത്തുവെന്നതിന് തവക്കല്‍നാ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസും നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് ഏതെങ്കിലും കാരണങ്ങളാല്‍ ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് ഇവിടങ്ങളില്‍ പ്രവേശിക്കാം.

അതേസമയം, അടച്ചിട്ട പ്രദേശങ്ങളില്‍ ഈ ഇളവുകള്‍ ബാധകമായിരിക്കില്ല. അതേസമയം, വിനോദ കേന്ദ്രങ്ങളിലെ ജീവനക്കാര്‍, ഉപഭോക്താക്കള്‍, സന്ദര്‍ശകര്‍ എന്നിവര്‍ പാലിക്കേണ്ട മറ്റു നിര്‍ദ്ദേശങ്ങള്‍ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

അതിനിടെ, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി റെസ്‌റ്റൊറന്റുകളും കഫേകളും സ്ഥാപിച്ചിട്ടുള്ള തെരുവു കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. റെസ്‌റ്റൊറന്റുകളിലെയും കഫേകളിലെയും നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ ഭക്ഷണം വിളമ്പാവൂ എന്നും നിര്‍ദ്ദേശമുണ്ട്. പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നേരത്തേ പൊതു ഇടങ്ങളില്‍ മാസ്‌ക്കും സാമൂഹിക അകലവും ഒഴിവാക്കി സൗദി അറേബ്യ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കുറഞ്ഞ നിലയിലെത്തുകയും വാക്‌സിനേഷന്‍ 70 ശതമാനത്തിലേറെയായി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ ദിവസം 38 പുതിയ കൊവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കോവിഡ് മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. രാജ്യത്ത് 4.65 കോടി ഡോസ് വാക്‌സിനാണ് ഇതിനകം വിതരണം ചെയ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.