
സ്വന്തം ലേഖകൻ: ഹോളിവുഡ് നടന്‍ റിയാന്‍ ഫിലിപ്പ്, വിക്ടോറിയന്‍ സൂപ്പര്‍ മോഡലായ അലസിയാന്‍ട്ര അംബ്രോസ്യൊ തുടങ്ങിയ ആഗോള താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളൂവേര്‍സായ ഇവരുടെ ഈയടുത്ത ദിവസങ്ങളിലെ പോസ്റ്റുകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഇവര്‍ പോസ്റ്റുകളിലെല്ലാം റിയാദിനെയായിരുന്നു ടാഗ് ചെയ്തത്. ടാഗിനു പുറമെ സൗദിയെ വാനോളം പുകഴ്ത്തിയുള്ള അടിക്കുറിപ്പുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റുകളുടെ പേരില്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് ഈ താരങ്ങള്‍.
സൗദിയില്‍ നടന്ന ത്രിദിന മ്യൂസിക് ഷോയായ എം.ഡി.എല്‍ ബീസ്റ്റില്‍ സൗദി അധികൃതരുടെ ക്ഷണപ്രകാരം എത്തിയതായിരുന്നു ഇവര്‍. മനുഷ്യാവകാശ ലംഘനങ്ങള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂന പക്ഷങ്ങള്‍ എന്നിവര്‍ നേരിടുന്ന അവകാശ ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സൗദിയെക്കുറിച്ചുള്ള മുന്‍വിധികള്‍ മാറ്റി ആഗോള തലത്തില്‍ സൗദിയെ വെള്ള പൂശാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി ഈ താരങ്ങള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്താണ് ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് വിമര്‍ശനം. വാഷിംഗ്ടണ്‍ പോസ്റ്റിലെ ഗ്ലോബല്‍ ഒപീനിയന്‍ എഡിറ്ററും എഴുത്തുകാരിയുമായ കരെന്‍ എറ്റിഹ, പോഡ്കാസ്റ്റ് ഹോസ്റ്റും, എഴുത്തുകരിയുമായ അമിന സൗ തുടങ്ങിയ നിരവധി പ്രമുഖരാണ് മോഡലുകളുടെ ഈ നീക്കത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
എന്തായാലും പോസ്റ്റുകളും വിമർശനങ്ങളും വൈറലായതോടെ എം.ഡി.എല്‍ ബീസ്റ്റ് മ്യൂസിക് ഷോയില്‍ ഒറ്റദിവസം മാത്രം പങ്കെടുത്തവരുടെ എണ്ണം 130000 പേരായി ഉയർന്നതായാണ് കണക്കുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല