
സ്വന്തം ലേഖകൻ: ഹജ്ജ്, ഉംറ തീര്‍ത്ഥാടന മേഖലയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കി സൗദി അറേബ്യ. ഇഖാമ പുതുക്കാനും, ലെവി അടക്കാനും ആറ് മാസത്തെ ഇളവ് ഉള്‍പ്പെടെ കോവിഡ് കാലത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ താല്‍പര്യപ്രകാരമുള്ള പുതിയ തീരുമാനം വിദേശതൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാകും.
മക്ക, മദീന നഗരങ്ങളില്‍ താമസ സൗകര്യങ്ങള്‍ക്കായി മുനിസിപ്പല്‍ വാണിജ്യ പ്രവര്‍ത്തന ലൈസന്‍സുകളുടെ വാര്‍ഷിക ഫീസ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കും. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള ഫീസ് ആറു മാസത്തേക്ക് ഒഴിവാക്കും. മക്കയിലെയും മദീനയിലെയും താമസ സൗകര്യങ്ങള്‍ക്കായുള്ള ടൂറിസം മന്ത്രാലയം ലൈസന്‍സ് ഫീസ് ഈടാക്കാത ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. ഇത് പിന്നീട് നീട്ടി നല്‍കിയേക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കുള്ള റെസിഡന്‍സി പെര്‍മിറ്റ് അഥവാ ഇഖാമ പുതുക്കുന്നതിനുള്ള ഫീസ് ആറു മാസത്തേക്ക് അടക്കേണ്ടതില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തുക തവണകളായി അടയ്ക്കണം.
തീര്‍ത്ഥാടകര്‍ക്ക് വാഹന സൗകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെ ബസ് ലൈസന്‍സ് (ഇസ്തിമാര) കാലാവധി ഒരു വര്‍ഷത്തേക്ക് സൗജന്യമാക്കി. 2021 ഹജ്ജ് സീസണിലേക്കുള്ള പുതിയ ബസുകളുടെ കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് നീട്ടിവെക്കും. നിശ്ചിത തീയതി മുതല്‍ ആരംഭിച്ച് നാല് മാസ കാലയളവില്‍ തവണകളായി അടച്ചുതീര്‍ത്താല്‍ മതിയാകും. വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ എന്നിവര്‍ക്കുണ്ടായ കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ കുറക്കുക ലക്ഷ്യമിട്ട് 180 ബില്യന്‍ സൗദി റിയാലിന്റെ 150 ലേറെ സംരംഭങ്ങളാണ് സൗദി സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല