1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2020

സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖവ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സൗദി പ്രീമിയം റസിഡന്‍സി സെന്റര്‍ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നല്‍കുന്നത്.  നേരത്തെ യു.എ.ഇ.യുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്കാണ് ലഭിച്ചത്.

പ്രീമിയം റസിഡന്‍സി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികള്‍ക്ക് രാജ്യത്ത് സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകള്‍ വാങ്ങിക്കുവാനും സാധിക്കും. വന്‍കിട നിക്ഷേപര്‍ക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡന്‍സി കാര്‍ഡ്.  രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡന്‍സി കാര്‍ഡിന് അര്‍ഹനായതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. ദീര്‍ഘദര്‍ശികളായ സല്‍മാന്‍ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും, സൗദി സര്‍ക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ വന്‍ തോതിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ നടന്നു കൊണ്ടിരിക്കുന്നത്.  ആഗോള നിക്ഷേപകര്‍ വരുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ അഭിവൃദ്ധിപ്പെടും. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡന്‍സി പ്രവാസികള്‍ക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.