1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സൗദിയില്‍ 80 ഭക്ഷ്യവസ്തുക്കളുടെ വില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. സൗദി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 2021 ഏപ്രില്‍ മാസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രിലില്‍ വലിയ വില വര്‍ധന ഉണ്ടായതായാണ് അസോസിയേഷന്‍ കണ്ടെത്തിയിരിക്കുന്നത്.

89 ഭക്ഷ്യവസ്തുക്കളില്‍ 80 എണ്ണത്തിന്റെയും വില ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചു. അതായത് സൗദിയില്‍ 89.8 ശതമാനം ഭക്ഷ്യവസ്തുക്കളുടെ വിലയിലും വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഭക്ഷ്യ സാധനത്തിന്റെ വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍, എട്ടു സാധനങ്ങളുടെ വിലകള്‍ കുറഞ്ഞതായും അസോസിയേഷന്റെ പഠനത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.

2021 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസത്തില്‍ സൗദിയില്‍ ഭക്ഷ്യവസ്തുക്കളുടെ വില ശരാശരി 10.8 ശതമാനം തോതിലാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റൊട്ടി, ധാന്യങ്ങള്‍, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, പാലും പാലുല്‍പ്പന്നങ്ങള്‍, എണ്ണകള്‍, പഴവര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്ടുകള്‍, പച്ചക്കറികള്‍, പഞ്ചസാര എന്നിവയ്ക്കെല്ലാം വില വര്‍ധനവുണ്ടായി. പച്ചക്കറിയുടെ വില 16.6 ശതമാനവും പഞ്ചസാരയുടെ വില 15.9 ശതമാനവുമാണ് വര്‍ധിച്ചത്. മുട്ടയ്ക്ക് 15.1 ശതമാനവും കോഴിയിറച്ചിക്ക് 7.8 ശതമാനവും റൊട്ടിക്ക് 2.8 ശതമാനവും വില വര്‍ധനവുണ്ടായി.

സാധനങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ പറഞ്ഞു. ഒരു ഉത്പന്നത്തിന്റെ വിവിധ ബ്രാന്റുകള്‍ ലഭ്യമാണെങ്കില്‍ അവയില്‍ വില കുറഞ്ഞവ വാങ്ങാന്‍ ശ്രദ്ധിക്കണം. അതേപോലെ വില കൂടിയ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കി അവയ്ക്ക് പകരമായി ഉപയോഗിക്കാവുന്നവ വാങ്ങണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഭക്ഷ്യസാധനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ വിലകളുമായി ബന്ധപ്പെട്ട താരതമ്യ പഠനങ്ങള്‍ നടത്തി അവയുടെ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.