1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2021

സ്വന്തം ലേഖകൻ: സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ ഘട്ടംഘട്ടമായി പുറത്തേക്ക്. ഒന്നു മുതല്‍ ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവല്‍ക്കരണം ശക്തമാക്കിയതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 90 ശതമാനവും സൗദികള്‍ ആയിരിക്കണമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥ ചെയ്തു.

ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ തന്നെ ഈ തീരുമാനം നടപ്പില്‍ വരും. അതേസമയം ആണ്‍കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാലയങ്ങളില്‍ 60 ശതമാനം പേരും സ്വദേശികളായിരിക്കണമെന്നാണ് വ്യവസ്ഥ. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഇന്റര്‍നാഷനല്‍ പ്രൈമറി സ്‌കൂളുകളില്‍ സൗദി അധ്യാപകരുടെ നിരക്ക് 80 ശതമാനമായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഇതുവഴി ആദ്യഘട്ടത്തില്‍ 8000 സൗദികള്‍ക്ക് പുതുതായി ജോലി നല്‍കാനാണ് സൗദി മന്ത്രാലയം ലക്ഷ്യമിടുന്നത്. യൂനിവേഴ്‌സിറ്റി, കോളേജ് ബിരുദധാരികളായ സൗദികള്‍ക്കാണ് പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകരായി അവസരം ലഭിക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ 28,000 സൗദി അധ്യാപകര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു. അതായത് ഇത്രയും പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പ്രൈമറി സ്‌കൂള്‍ അധ്യാപകരായി നിയമിക്കപ്പെടുന്ന സൗദി പൗരന്‍മാര്‍ക്ക് ചുരുങ്ങിയത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഒരു ലക്ഷത്തോളം രൂപ വരുമിത്. ഇതില്‍ കുറഞ്ഞ ശമ്പളമാണ് നല്‍കുന്നതെങ്കില്‍ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിന് നിശ്ചയിച്ചു നല്‍കിയ ക്വാട്ടയില്‍ ഇവരുടെ എണ്ണം ഉള്‍പ്പെടുത്തില്ല. സൗദി വല്‍ക്കരണ നിരക്ക് പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തെ കസ്റ്റമര്‍ കെയര്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനം നടപ്പില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം 8000 സൗദികള്‍ക്ക് ഈ മേഖലയില്‍ ജോലി ലഭിച്ചതായും മന്ത്രാലയം അറിയിച്ചു. അടുത്ത വര്‍ഷത്തോടെ ഇത് 20,000 ആക്കി ഉയര്‍ത്താനാണ് പദ്ധതി.

രാജ്യത്ത് പ്രവര്‍ത്തിക്കുന്നതും പുറത്തേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യപ്പെട്ടതുമായ എല്ലാ കസ്റ്റമര്‍ കെയര്‍ സേവനങ്ങളിലും സൗദികളെ മാത്രമേ ജോലിക്ക് നിര്‍ത്താവൂ എന്നതായിരുന്നു നിയമം. കൂടുതല്‍ മേഖലകളിലേക്ക് സൗദിവല്‍ക്കരണം വ്യാപിപ്പിക്കാനുള്ള നീക്കങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.