
സ്വന്തം ലേഖകൻ: സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി. യോഗ്യരായ സൗദി പൗരൻമാരിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. സ്കൂളുകളിൽ നിയമിക്കേണ്ട സൗദിപൗരൻമാരുടെ തസ്തികകളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച് തുടങ്ങി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചതാണ് സ്‌കൂളുകളിലെ സ്വദേശിവല്‍ക്കരണം.
ഇത് സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പാക്കാനുള്ള ശ്രമങ്ങൾ. രാജ്യത്തെ സ്വകാര്യ ഇന്റര്‍ നാഷണല്‍ സ്‌കൂളുകളിലെ സ്പഷ്യലൈസ്ഡ് തസ്തികകളിലാണ് സ്വദേശികളെ നിയമിക്കാന്‍ നിര്‍ദ്ദേശം. ഘട്ടം ഘട്ടമായാണ് സ്വദേശി വല്‍ക്കരണം. സ്വകാര്യ സ്‌കൂളുകളിൽ ഗണിതം, ഫിസിക്സ് ബയോളജി, സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് സൗദികളെ നിയമിക്കുക.
ഇന്റര്‍ നാഷണല്‍ സ്‌കൂളുകളിലെ അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, ആര്‍ട്സ് വിഷയങ്ങളിലും നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണം. പദ്ധതി മുഖേന ഇരുപത്തിയെട്ടായിരം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് അയ്യായിരം റിയാലില്‍ കുറയാത്ത ശമ്പളം അനുവദിക്കണമെന്നും സർക്കാർ നിർദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല