1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2022

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തൊഴില്‍ നിയമത്തില്‍ കാതലായ അഴിച്ചുപണികള്‍ വരുത്താന്‍ ആലോചന. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ട് ദിവസത്തെ വാരാന്ത്യ അവധി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ നിയമത്തിലെ ജോലി സമയവുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് പ്രധാനമായും ഭേദഗതികള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.

സൗദി വിഷന്‍ 2030ന് അനുസൃതമായി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയും തൊഴില്‍ കമ്പോളത്തെ ശക്തിപ്പെടുത്തുകയും ആകര്‍ഷകമാക്കുകയും ചെയ്യുക, തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ അവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് മന്ത്രാലയം വക്താവ് സഅദ് അല്‍ ഹമ്മാദ് അറിയിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും രണ്ടു ദിവസത്തെ വാരാന്ത്യ അവധി വേണമെന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആവശ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമം പരിഷ്‌കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട തീരുമാനം ഔദ്യോഗിക വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പുറത്തുവിടുമെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. നിലവിലെ തൊഴില്‍ നിയമം അനുസരിച്ച് പ്രതിദിന പ്രവൃത്തി സമയം എട്ട് മണിക്കൂറിലും പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂറിലും കൂടരുതെന്ന് വ്യവസ്ഥയുണ്ടെന്ന് അഭിഭാഷക ഖുലൂദ് അല്‍ അഹ്മദി അഭിപ്രായപ്പെട്ടു.

റമദാനില്‍ ഇത് വീണ്ടും കുറച്ച് ആറും 36ഉം മണിക്കൂറുകളാക്കി ചുരുക്കിയിരുന്നു. അതേസമയം, തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതില്ലാത്ത മേഖലകളില്‍ ദിവസം ഒന്‍പത് മണിക്കൂര്‍ വരെ ജോലി ചെയ്യിപ്പിക്കാമെന്നും എന്നാല്‍ പ്രയാസമേറിയ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സമയം ഏഴ് മണിക്കൂറാക്കി കുറയ്ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.