
സ്വന്തം ലേഖകൻ: സൗദിയിൽ പൊതുഗതാഗത മേഖലയിൽ ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനം വരുന്നു. വാഹനങ്ങളുടെയും ഡ്രൈവർമാരുടേയും നിയമലംഘനങ്ങൾ സ്വയം നിരീക്ഷിക്കുന്നതിനാണ് പുതിയ സേവനം. പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.
പൊതുഗതാഗത സേവനം നൽകിവരുന്ന വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്തുന്നതിനാണ് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സിസ്റ്റം അഥവാ സ്വയം നിരീക്ഷണ സംവിധാനം നടപ്പിലാക്കുന്നത്. അഡ്വാൻസ്ഡ് ട്രാഫിക് സേഫ്റ്റി പദ്ധതിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്ന് സൗദി ട്രാഫിക് അതോറിറ്റി അറിയിച്ചു.
വാഹനത്തിന്റെ നിയമപരമായ സാധുത, വർക്കിംഗ് കാർഡ്, കാലാവധി, മറ്റ് സുരക്ഷാ പ്രശ്നങ്ങൾ എന്നിവയാണ് പുതിയ സംവിധാനത്തിലൂടെ നിരീക്ഷിക്കുക. ഡിസംബർ അഞ്ചു മുതൽ റിയാദിലും, പിന്നീട് ഘട്ടം ഘട്ടമായി മറ്റു നഗരങ്ങളിലും പദ്ധതി നടപ്പിലാക്കും.
ആദ്യ ഘട്ടത്തിൽ ടാക്സി വാഹനങ്ങളിൽ നടപ്പിലാക്കുന്ന സംവിധാനം, പിന്നീട് ബസുകളിലേക്കും, ട്രക്കുകളിലേക്കും വ്യാപിപ്പിക്കും. കാലഹരണപ്പെട്ടതോ റദ്ദാക്കിയതോ ആയ ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് വാഹനം പ്രവർത്തിപ്പിക്കുക, വാഹനത്തിനോ ഡ്രൈവർക്കോ സാധുവായ ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല