1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നിബന്ധനകളില്‍ പുതിയ ഇളവുകള്‍ വരുത്തി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കി. ഇതുപ്രകാരം യാത്രാ നിരോധനം നിലവിലില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിലവിലുള്ള ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ അഞ്ചു ദിവസമാക്കി കുറയ്ക്കും.

തീരെ വാക്‌സിന്‍ എടുക്കാത്തവരോ സൗദിയില്‍ അംഗീകാരമുള്ള ഒരു വാക്‌സിന്‍ മാത്രം എടുത്തവരോ ആയ യാത്രക്കാര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥ ബാധകം. അതേപോലെ, ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്ത രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍, അല്ലെങ്കില്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതും എന്നാല്‍ സൗദിയില്‍ അംഗീകാരമില്ലാത്തതുമായി വാക്‌സിന്റെ ഒരു ഡോസ് മാത്രം എടുത്തവര്‍ തുടങ്ങിയവര്‍ക്കും ഈ നിബന്ധന ബാധകമാണ്.

ഇവര്‍ യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതോടൊപ്പം ക്വാറന്റൈനില്‍ പ്രവേശിച്ച് 24 മണിക്കൂറിനുള്ളിലും ക്വാറന്റൈനിലെ അഞ്ചാം ദിവസവും ഓരോ പിസിആര്‍ പരിശോധന നടത്തണം. അതേസമയം, യാത്രക്കാര്‍ക്കൊപ്പം എത്തുന്ന 18ല്‍ താഴെയുള്ള ആശ്രിതര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന്‍ മതിയാവും.

എന്നാല്‍ ഇവര്‍ അഞ്ചാമത്തെ ദിവസം പിസിആര്‍ ടെസ്റ്റിന് വിധേയരാവണം. എന്നാല്‍ വാക്‌സിന്‍ എടുക്കാത്ത 18നു മുകളില്‍ പ്രായമുള്ള ആശ്രിതര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്ത് രാജ്യത്ത് എത്തിയവര്‍ ക്വാറന്റൈന്‍ കഴിഞ്ഞാലുടന്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കണം. രാജ്യത്ത് അംഗീകാരമില്ലാത്ത സിനോഫാം, സിനോവാക് വാക്‌സിനുകളുടെ രണ്ട് ഡോസുകള്‍ എടുത്ത് വന്നവര്‍ മൂന്നാമതൊരു ബൂസ്റ്റര്‍ ഡോസ് കൂടി സ്വീകരിക്കേണ്ടിവരും.

സൗദി അറേബ്യയില്‍ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെത്തുന്ന സന്ദര്‍ശകര്‍ക്ക് മാത്രമേ രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ഓഫീസുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മാളുകള്‍, ചടങ്ങുകള്‍ തുടങ്ങിയവയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും ഇക്കാര്യം സന്ദര്‍ശകര്‍ കൃത്യമായി പാലിക്കണമെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.