
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാരിൽ വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ സൗദി അറേബ്യ പരിഷ്കരിച്ചു. വാക്‌സീൻ എടുക്കാതെ റീ-എൻട്രി വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സീൻ എടുത്തവർക്കൊപ്പമെത്തുന്ന വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം.
ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ പുറത്തിറങ്ങാം. പോസിറ്റീവാണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ കഴിയണം. 8 വയസ്സിൽ താഴെയുള്ളവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കി. വാക്സീനെടുക്കാത്തവരോടൊപ്പം എത്തുന്ന കുട്ടികൾക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധം. ക്വാറന്റീൻ തുക ടിക്കറ്റിനൊപ്പം ഈടാക്കും. സൗദിയിലെത്തി 24 മണിക്കൂറിനകവും ഏഴാം ദിവസവുമാണ് ഇവർ പരിശോധന നടത്തേണ്ടത്.
ഫൈസർ, അസ്ട്രാസെനക, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് സൗദിയിൽ അംഗീകരിച്ചിട്ടുള്ളത്. സന്ദർശക വിസയിലും മറ്റും എത്തുന്നവർക്ക് സൗദിയിൽ കോവിഡ് പരിരക്ഷയുള്ള ഇൻഷൂറൻസും നിർബന്ധം. ഇന്ത്യയിൽനിന്ന് നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ മറ്റു ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ എടുത്ത് സൗദിയിലേക്കു വരാം.
സൗദിയിലെത്തിയ ശേഷം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുന്ന താമസ വിസയുള്ള പ്രവാസികള്‍, പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണെങ്കില്‍ അവരുടെ ചികിത്സാ ചെലവ് സൗദി സര്‍ക്കാര്‍ വഹിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അതേസമയം വിസിറ്റ് വിസയില്‍ സൗദിയിൽ എത്തിയവരാണെങ്കില്‍ അവരുടെ ചെലവ് ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനിയാണ് വഹിക്കേണ്ടത്.
ഇന്ത്യൻ നിർമിത വാക്സീനായ അസ്ട്രാസെനകയും കോവിഷീൽഡും ഒന്നാണെന്ന് സൗദി അധികൃതരെ ബോധ്യപ്പെടുത്തിയതായി ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് അറിയിച്ചു. ഇതുസംബന്ധിച്ച ചർച്ച തുടരുകയാണെന്നും ഉടൻ പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലും വ്യത്യസ്ത പേരുകളിലറിയപ്പെടുന്നതിനാൽ വാക്സീൻ സ്വീകരിച്ചവർക്കു സൗദിയിൽ ആനുകൂല്യം ലഭിക്കാത്ത പ്രശ്നം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ കോവിഷീൽഡ് തന്നെയാണ് വിദേശങ്ങളിൽ അസ്ട്രാസെനക എന്ന പേരിൽ അറിയപ്പെടുന്നതെന്ന് അധികൃതരെ ബോധ്യപ്പെടുത്തി.
അതുകൊണ്ടുതന്നെ കോവിഷീൽഡ് വാക്സീൻ എടുത്തവർക്കും വൈകാതെ സൗദിയിലേക്കു വരാനാകും. വാക്സീൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ കോവിഡ് സെല്ല് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകുമെന്നും പറഞ്ഞു. ഇതേസമയം കോവാക്സിനു കൂടി സൗദിയിൽ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് എംബസി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല