1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2022

സ്വന്തം ലേഖകൻ: ജിദ്ദയിൽ കനത്ത ഇടിയും മഴയും. ​വ്യാഴാഴ്​ച രാവിലെ മുതലാണ്​​​ ജിദ്ദയിൽ ശക്തമായ ഇടിയോട്​ കൂടി മഴ കോരിച്ചൊരിഞ്ഞത്​. രാവിലെ മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്​ച​ കുറയുകയും ചെയ്​തിരുന്നു. രണ്ട്​ മണിക്കൂറിലധികം നീണ്ട മഴ താഴ്​ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി.

നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി. വീടുകൾക്കുള്ളിലേക്കും കച്ചവട കേന്ദ്രങ്ങളിലേക്കും വെള്ളം കയറി. മുൻകരുതലായി റോഡിലെ അണ്ടർപാസ്​വേകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടർപാസ്​വേകൾ ട്രാഫിക്ക്​ വിഭാഗം അടച്ചു. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മക്ക മേഖലയിൽ ജിദ്ദയടക്കമുള്ള പട്ടണങ്ങളിൽ വ്യാഴാഴ്​ച മഴയുണ്ടാകുമെന്ന്​ കാലാവസ്ഥ വകുപ്പും സിവിൽ ഡിഫൻസും​ ബുധനാഴ്​ച വൈകീട്ട്​ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതേതുടർന്ന്​ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സിവിൽ ഡിഫൻസ്​, ​പൊലീസ്​, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകൾ ഏത്​ അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ജിദ്ദ, റാബക്​, ഖുലൈസ്​ എന്നിവിടങ്ങളിലെ സർക്കാർ,​ സ്വകാര്യ സ്‌കൂളുകൾക്ക്​ മുൻകൂട്ടി അവധി പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട്​ ജാഗ്രത പുലർത്താനും വേണ്ട മുൻകരുതലെടുക്കാനും ആവശ്യപ്പെട്ടു.

വിവിധ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ഇന്ന് അവധി നൽകിയിരിക്കുകയാണ്. താഴ്​വരകൾ മുറിച്ചു ​കടക്കരുതെന്നും സിവിൽ ഡിഫൻസ് നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള റോഡുകളിലും സിഗ്​നലുകൾക്കടുത്തും​ സിവിൽ ഡിഫൻസ്​ സംഘത്തെ വ്യന്യസിച്ചു.

മഴയുണ്ടാകുമെന്ന മുന്നറിയിപ്പ്​ വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട്​ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വകുപ്പ്​, സിവിൽ ഡിഫൻസ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ പാലിക്കണമെന്നും വൈദ്യുതി തൂണുകൾക്കടുത്ത്​ നിന്ന്​ വിട്ട്​ നിൽക്കണമെന്നും വെള്ളക്കെട്ടിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന്​ പകരം ബദൽ റോഡുകൾ തെരഞ്ഞെടുക്കണമെന്നും ആളുകൾക്ക്​ നിർദേശം നൽകി. ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്​ച വൈകുന്നേരം വരെ തുടരുമെന്നാണ്​​ അധികൃതരുടെ മുന്നറിയിപ്പ്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.