1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2023

സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തബൂക്കില്‍ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം (ആര്‍എസ്‌ഐഎ) വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാവും. ഇവിടെ നിന്ന് സര്‍വീസ് നടത്തുന്ന ആദ്യ വിമാന കമ്പനിയാവാന്‍ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് കരാറിലെത്തി. ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര സര്‍വീസും 2024ല്‍ അന്താരാഷ്ട്ര വിമാന സര്‍വീസും ആരംഭിക്കും.

സൗദി അറേബ്യയുടെ റെഡ് സീ ഗ്ലോബല്‍ (ആര്‍എസ്ജി) കമ്പനി സൗദി എയര്‍ലൈന്‍സുമായും റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപറേറ്ററായ ഡിഎഎ ഇന്റര്‍നാഷണലുമായും കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവച്ചു. നിത്യേന സര്‍വീസുകള്‍ നടത്തുന്നത് സംബന്ധിച്ചാണ് ധാരണയുണ്ടാക്കിയത്. ഡിഎഎ ഇന്റര്‍നാഷണലും ആര്‍എസ്ജിയും തമ്മിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓപ്പറേറ്റര്‍ എന്ന നിലയില്‍ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് കരാര്‍.

തുടക്കത്തില്‍ റിയാദിലേക്കും പിന്നീട് ജിദ്ദയിലേക്കുമാണ് സൗദി എയര്‍ലൈന്‍സ് ആഭ്യന്തര വിമാനസര്‍വീസ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വീസുകളും ഇവിടെ നിന്ന് ഉണ്ടാവും.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനായി ഇവിടിഒഎല്‍ എന്നറിയപ്പെടുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റുകള്‍ വിന്യസിക്കുന്ന കാര്യവും വിമാനത്താവള അധികൃതര്‍ പരിഗണിക്കുന്നുണ്ട്. റെഡ് സീ വിമാനത്താവളത്തില്‍ ലോ കാര്‍ബണ്‍ ഏവിയേഷന്‍ ഫ്യൂവല്‍ (എല്‍സിഎഎഫ്), സുസ്ഥിര ഏവിയേഷന്‍ ഫ്യൂവല്‍ (എസ്എഎഫ്) എന്നിവയുടെ ഉപയോഗം സംബന്ധിച്ച് സംയുക്ത ഗവേഷണം നടത്താന്‍ മൂന്ന് സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ആദ്യ വാണിജ്യ വിമാനം റെഡ് സീ ഇന്റര്‍നാഷണലില്‍ ഇറങ്ങുമ്പോള്‍, അത് റെഡ് സീ ഗ്ലോബലിന്റെ വ്യക്തിപരമായ അഭിമാനം മാത്രമായിരിക്കില്ലെന്നും സൗദി അറേബ്യയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും റെഡ് സീ ഗ്ലോബല്‍ സിഇഒ ജോണ്‍ പഗാനോ പ്രസ്താവനയില്‍ പറഞ്ഞു. ഡിഎഎ എയര്‍പോര്‍ട്ട് മാനേജ് ചെയ്യുന്നത് തുടരുകയും എയര്‍പോര്‍ട്ട് ഗേറ്റുകളും കൗണ്ടറുകളും അനുവദിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ സൗദി എയര്‍ലൈന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

സൗദി അറേബ്യയുടെ അത്ഭുതങ്ങള്‍ അനുഭവിക്കുന്നതിനുള്ള പുതിയ കവാടമാണ് റെഡ് സീ ഇന്റര്‍നാഷണല്‍ എന്ന് ഡിഎഎ ഇന്റര്‍നാഷണലിന്റെ സിഇഒ നിക്കോളാസ് കോള്‍ പറഞ്ഞു. ഇതിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും അതുല്യമായ അനുഭവങ്ങളും ഏറ്റവും മികച്ച സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ സമാനതകളില്ലാത്ത എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ തബൂക്കിലെ ഹനാക്ക് എന്ന പ്രദേശത്താണ് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റുകളായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്‌ണേഴ്‌സ് ആണ് രൂപകല്‍പ്പന. 2023ല്‍ പ്രവര്‍ത്തനമാരംഭിച്ച് 2030 ആവുന്നതോടെ 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കാനാവുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.