സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് അനുവദിക്കാവുന്ന മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ എണ്ണത്തില്‍ നിയന്ത്രണം, നടപടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ പുറപ്പെടുവിച്ചു ഉത്തരവ് പ്രകാരം ഇനി മുതല്‍ പരമാവധി രണ്ട് സിം കാര്‍ഡുകള്‍ മാത്രമേ വിദേശികള്‍ക്ക് അനിവദിക്കാന്‍ കഴിയൂ.
തീവ്രവാദികള്‍ ഉള്‍പ്പെടെ വിധ്വംസക ശക്തികള്‍ സിംകാര്‍ഡ് ദുരുപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ അനുവദിക്കരുതെന്ന് മൊബൈല്‍ ഫോണ്‍ കമ്പനികളോട് കമ്മീഷന്‍ നിര്‍ദേശിച്ചു.
വിപണിയില്‍ അനധികൃത സിം കാര്‍ഡുകള്‍ വ്യാപകമാണ്. ഇതു തടയുന്നതിനും പുതിയ നീക്കം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടെലികോം കമ്പനിയില്‍ നിന്നു രണ്ടു സിം കാര്‍ഡുകള്‍ നേടിയവര്‍ക്കു ഇതര ഓപ്പറേറ്റര്‍മാരില്‍ നിന്നു സിം കാര്‍ഡ് അനുവദിക്കില്ല. ഉപഭോക്താക്കളുടെ വിരലടയാളം ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്റഫര്‍മേഷന്‍ ഡാറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ കൂടുതല്‍ സിം കാര്‍ഡുകള്‍ വിദേശികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. സുരക്ഷ കണക്കിലെടുത്ത് സിം കാര്‍ഡുകളെ നേരത്തെ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ ഖേയുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലെ പഴുതുകള്‍ ദുരുപയോഗിച്ച് വ്യാപകമായി സിംകാര്‍ഡുകള്‍ വിപണിയില്‍ സുലഭമായതോടെയാണ് പുതിയ നടപടി.
രാജ്യത്തുളള 4.9 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 83 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകളാണെന്നും കമ്മീഷന്‍ പറഞ്ഞു. പുതിയ തീരുമാനം സൗദിയിലെ ടെലികോം കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വര്‍ധിച്ചു വരുന്ന തീവ്രവാദ ഭീഷണി നേരിടാന്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് കമ്മീഷനും സര്‍ക്കാരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല