1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2023

സ്വന്തം ലേഖകൻ: സൗദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ വിമാനം ആദ്യ പറക്കല്‍ നടത്തി. റിയാദ് എയര്‍ ലോഗോ പതിച്ച നാല നിറത്തിലുള്ള വിമാനം വിദേശ എയര്‍പോര്‍ട്ടില്‍ വെച്ച് പറന്നുയരുന്നതിന്റെ മനോഹര ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

റിയാദ് എയര്‍ ലോഗോ പതിച്ച ബോയിംഗ് ഡ്രീംലൈനര്‍ 787 ഇനത്തില്‍ പെട്ട വിമാനങ്ങളുടെ ഫോട്ടോകള്‍ റിയാദ് എയര്‍ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റിയാദ് എയറിന് അയാട്ടയില്‍ നിന്ന് ആര്‍.എക്സ് എന്ന കോഡും കഴിഞ്ഞ ദിവസം ലഭിക്കുകയുണ്ടായി. ബോയിംഗ് 787-9 ഡ്രീംലൈനറിലെ ലിവറി ഡിസൈനിന്റെ ആദ്യ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയത്. ‘അത്യാധുനിക സാങ്കേതികവിദ്യയുടെയും കാലാതീതമായ ചാരുതയുടെയും സമന്വയം’ എന്നാണ് എയര്‍ലൈന്‍ ഇതിനെ വിശേഷിപ്പിച്ചത്.

2025-ന്റെ തുടക്കത്തില്‍ തന്നെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ചില്‍, എയര്‍ലൈന്‍ 72 ബോയിംഗ് 787-9 ഡ്രീംലൈനറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. ഉടന്‍ തന്നെ 150 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വരെ ഓര്‍ഡര്‍ ചെയ്യാനിരിക്കുകയാണ് കമ്പനി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മാര്‍ച്ചില്‍ റിയാദ് എയറിന്റെ ലോഞ്ച് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പുതിയ എയര്‍ലൈന്‍ രാജ്യത്തിന്റെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 75 ബില്യണ്‍ റിയാല്‍ വരെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുമെന്നും പ്രത്യക്ഷമായും പരോക്ഷമായും 200,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ വരെ ചരക്ക് കൊണ്ടുപോകാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യകള്‍ക്കനുസൃതമായി ഒരു നൂതന വിമാന വ്യൂഹം സ്വന്തമാക്കാനും സുസ്ഥിരതയുടെയും സുരക്ഷയുടെയും മികച്ച അന്താരാഷ്ട്ര അംഗീകാരമുള്ള മാനദണ്ഡങ്ങള്‍ സ്വീകരിക്കാനും കമ്പനി ശ്രമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയുടെ വിഷന്‍ 2030 നിക്ഷേപ പദ്ധതിയുമായി യോജിച്ച്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു കേന്ദ്രമായി രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രയോജനപ്പെടുത്തുന്നതിനാണ് പുതിയ എയര്‍ലൈന്‍ സ്ഥാപിച്ചത്. ഈ തന്ത്രപരമായ സ്ഥാനനിര്‍ണ്ണയം സൗദി അറേബ്യയുടെ വളര്‍ച്ചയും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.