സ്വന്തം ലേഖകൻ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന്, നാല് ടെർമിനലുകളിൽ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ഇലക്ട്രോണിക് ഗേറ്റുകളുടെ ആദ്യഘട്ടം പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതോടെ യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാൻ കഴിയും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാരുടെ അനുഭവം മികച്ചതാക്കുകയാണ് ലക്ഷ്യം. അതിനായി ഡിജിറ്റലൈസേഷൻ, സെൽഫ് സർവിസ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നു. മൂന്നാം നമ്പർ ടെർമിനലിൽ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പും തുറന്നിട്ടുണ്ട്.
സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദി, സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുലൈജ്, സൗദി പാസ്പോർട്ട് മേധാവി ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ യഹ്യ, നാഷനൽ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ ഡോ. ഇസ്സാം ബിൻ അബ്ദുല്ല അൽ വാഖിത് എന്നിവർ ഇ- ഗേറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സമയവും പരിശ്രമവും ലാഭിക്കുന്നതിന് പുറമെ മനുഷ്യ ഇടപെടലില്ലാതെ എളുപ്പത്തിലും വേഗത്തിലും യാത്രക്കാർക്ക് അവരുടെ യാത്ര നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കാൻ കഴിയുന്നതാണ് ഇലക്ട്രോണിക് ഗേറ്റുകളെന്ന് സൗദി പാസ്പോർട്ട് മേധാവി പറഞ്ഞു. യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ പാസ്പോർട്ട് സംവിധാനങ്ങളിൽ ലഭ്യമായവർക്കാണ് ഇത് ഉപയോഗപ്പെടുത്താനാവുക.
ഇത്തരത്തിലൊരു നൂതന സേവനം മുഴുവൻ യാത്രക്കാർക്കും ഒരുക്കുന്ന സൗദിയിലെ ആദ്യ വിമാനത്താവളമാണ് റിയാദിലേത്. റിയാദ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലുകൾ മൂന്ന്, നാല് ഡിപ്പാർച്ചർ ഏരിയയിൽ സെൽഫ് സർവിസ് പാസ്പോർട്ട് സേവനം ആരംഭിച്ചത് വിമാനത്താവള ഡിജിറ്റൽ പരിവർത്തന മേഖലയിലെ പ്രധാന കൂട്ടിച്ചേർക്കലാണെന്ന് റിയാദ് എയർപോർട്ട് കമ്പനി സി.ഇ.ഒ എൻജി. അയ്ൻ ബിൻ അബ്ദുൽ അസീസ് പറഞ്ഞു. ടെർമിനലിനുള്ളിലെ യാത്രക്കാരുടെ ചലനം വേഗത്തിലാക്കാനും നടപടിക്രമങ്ങളുടെ കൂടുതൽ എളുപ്പമാക്കാനും സെൽഫ് സർവിസ് പാസ്പോർട്ട് മെഷീനുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല