1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2021

സ്വന്തം ലേഖകൻ: ഫിനാന്‍സ് ഇന്‍ഷൂറന്‍സ് മേഖലകളിലുള്ള ജോലികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 91,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കാനാണ് പദ്ധതിയെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഈ മേഖലയിലെ ജോലിക്കാരില്‍ 0.9 ശതമാനം പേര്‍ മാത്രമാണ് സൗദികള്‍. 87,000ത്തിലേറെ വിദേശികള്‍ ഈ രണ്ടു മേഖലകളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. നിലവില്‍ ഈ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് സൗദി സെന്‍ട്രല്‍ ബാങ്കുമായും ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടുമായും സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം സംയുക്ത ധാരണാ പത്രത്തില്‍ ഒപ്പുവച്ചിരുന്നു. മന്ത്രാലയത്തെ പ്രതിനിധീകരിച്ച് തൊഴില്‍ കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍ മജീദ് അല്‍ റഷൂദി, സെന്‍ട്രല്‍ ബാങ്കിനു വേണ്ടി സൂപ്പര്‍വൈസിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ ശത്തരി, ഹദഫിനു വേണ്ടി ബിസിനസ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഫറസ് അബാ അല്‍ ഖൈല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സൗദികള്‍ക്ക് ഈ മേഖലകളില്‍ ജോലി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ധാരണാപത്രം. ഇതിനാവശ്യമായ പരിശീലനം ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കണമെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാവും.

അതേസമയം, എപ്പോള്‍ മുതലാണ് ഈ തീരുമാനം നടപ്പില്‍ വരികയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. പുതിയ തീരുമാനപ്രകാരം ഈ മേഖലകളില്‍ പ്രവാസികളെ പുതുതായി ജോലിക്കെടുക്കുകയോ വിസ കാലാവധി കഴിയുന്നവര്‍ക്ക് അത് പുതുക്കി നല്‍കുകയോ ചെയ്യില്ലെന്നാണ് സൂചനകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.