1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2021

സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. തൊഴിൽ രഹിതരായ സ്വദേശികൾക്ക് ജോലി ഉറപ്പാക്കാനാണിതെന്ന് ശൂറാ കൗൺസിൽ മുൻ സാമ്പത്തിക, ഊർജ സിതി അംഗം ഫഹദ് ബിൻ ജുംഅ പറഞ്ഞു.

ഒപ്പം, ജോലിയില്ലാതെ അലഞ്ഞുതിരിയുന്ന വിദേശികളുടെ ലഭ്യത കുറയ്ക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഇതേസമയം ബിരുദമെടുത്ത 80% സ്വദേശിക്കും ജോലി നേടാനോ സ്വയം തൊഴിൽ കണ്ടെത്താനോ പ്രാപ്തരാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ഹ്യൂമൻ റിസോഴ്സ് മന്ത്രി അഹ്മദ് അൽ റാജ്ഹി വ്യക്തമാക്കി.

ഡിഗ്രി കഴിഞ്ഞ് 12 മാസത്തിനകം സൗദി യുവാക്കള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ മികച്ച ജോലി ലഭ്യമാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചതായും മന്ത്രി അറിയിച്ചു. സൗദി തൊഴില്‍ കമ്പോളത്തിന്റെ ആധാരശിലയായി സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഹ്യൂമണ്‍ കാപ്പബിലിറ്റീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം മാറുമെന്നും അദ്ദേഹം വ്യക്തമായി.

ബിരുദ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആകുന്നതിന് മുമ്പ് പഠിച്ച മേഖലയില്‍ 80 ശതമാനം സൗദി യുവാക്കള്‍ക്കും ജോലി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആവ്ഷ്‌ക്കരിച്ചതാണ് ഹ്യൂമണ്‍ കാപ്പബിലിറ്റീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം. പഠന ശേഷം ജോലി അന്വേഷിച്ചു നടക്കുന്നതിന് പകരം മികച്ച സംരംഭകരാവാന്‍ സൗദി യുവാക്കളെ പദ്ധതിയിലൂടെ പ്രാപ്തരാക്കും. പഠന സമയത്ത് തന്നെ അതിനാവശ്യമായ പരിശീലന പരിപാടികള്‍ ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രൂപീകരിച്ച പദ്ധതിയാണ് ഹ്യൂമണ്‍ കാപ്പബിലിറ്റീസ് ഡെവലപ്‌മെന്റ് പ്രോഗ്രാം. ആധുനിക കാലത്തെ തൊഴില്‍ കമ്പോളത്തിന് അനുസൃതമായ രീതിയില്‍ സൗദിയിലെ യുവതീ യുവാക്കളെ വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലന പദ്ധതികളാണ് ഇതിലൂടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.

20 വര്‍ഷം വരെ തൊഴില്‍ മേഖലയില്‍ പരിചയമുള്ളവര്‍ക്കും നിലവിലെ തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ അധ്യക്ഷന്‍ കിരീടാവകാശിയാണെന്നതു തന്നെ ഇതിന് ഭരണകൂടം നല്‍കുന്ന പ്രാധാന്യത്തിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2030ഓടെ സൗദി യുവാക്കളുടെ തൊഴില്‍ ലഭ്യത 40 ശതമാനം കണ്ട് വര്‍ധിപ്പിക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

സൗദിയില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. വിദേശ സര്‍വകലാശാലകളുടെ ബ്രാഞ്ചുകള്‍ സൗദിയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും രൂപം നല്‍കുന്ന നടപടി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ]

ഇതിനു പുറമെ, വിദേശ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വിസകള്‍ അനുവദിക്കും. വിദേശ യൂനിവേഴ്‌സിറ്റികളുമായി സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.

യൂനിവേഴ്‌സിറ്റികളില്‍ ബിരുദ പഠനത്തിന് ചേരാന്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിവും താല്‍പര്യവുമുള്ള ആര്‍ക്കും ബിരുദ പഠനത്തിന് ചേരാമെന്ന രീതി നടപ്പിലാക്കും. ആജീവനാന്ത വിദ്യാഭ്യാസത്തിന് എല്ലാ ജനങ്ങള്‍ക്കും അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നൈപുണ്യ വികസനത്തിനുള്ള പ്രത്യേക പഠന പദ്ധതികള്‍ സര്‍വകലാശാലകളില്‍ ആരംഭിക്കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പാസ്സാവാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. 2025ഓടെ കിന്റര്‍ഗാര്‍ട്ടന്‍ പ്രവേശന നിരക്ക് 40 ശതമാനവും 2030ഓടെ അത് 90 ശതമാനവും ആക്കി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.